തിരുവനന്തപുരം: രാജ്യത്ത് പാവപ്പെട്ടവരായ ജനകോടികള്‍ക്ക് അത്താണിയായ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം ബജറ്റില്‍ വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍ ദയാവധം നടത്തിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. യുപിഎ സര്‍ക്കാര്‍ പാവപ്പെട്ട ജനങ്ങളെ പട്ടിണിയില്‍ നിന്നും കൈപിടിച്ച് ഉയര്‍ത്തിയ പദ്ധതി മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ദയാരഹിതമായി ഇല്ലായ്മ ചെയ്യുകയാണ്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 89,400 കോടിയായിരുന്നത് 60,000 കോടിയായാണ് വെട്ടിക്കുറച്ചത്. നൂറുദിവസം തൊഴില്‍ നിഷേധിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണിതെന്നും കെപിസിസി പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.
പാവപ്പെട്ടവരെ കൂടുതല്‍ ദരിദ്രരും പണക്കാരെ കൂടുതല്‍ സമ്പന്നരുമാക്കുന്നതുമാണ് കേന്ദ്ര ബജറ്റ്. അതിസമ്പന്നരുടെ നികുതിയിലുള്ള സര്‍ചാര്‍ജ് 37 ശതമാനത്തില്‍ നിന്നും 25 ശതമാനം ആക്കി കുറച്ചുകൊണ്ട് അവരെ കൈയയച്ചു സഹായിച്ചു. അതേസമയം സാധാരണക്കാര്‍ക്ക് പ്രതീക്ഷിച്ച പോലുള്ള ആദായനികുതി ഇളവ് ലഭിച്ചതുമില്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, എല്‍ഐസി തുടങ്ങിയവയുടെ ഓഹരിയിലുണ്ടായ ഇടിവ് ബജറ്റിന്‍റെ പൊള്ളത്തരം ചൂണ്ടിക്കാണിക്കുന്നു. അദാനിയുടെ കമ്പനികളുടെ തകര്‍ച്ചയെ തുടര്‍ന്ന് ആടിയുലഞ്ഞ ഓഹരി വിപണിക്ക് ആത്മവിശ്വാസം പകരുന്ന തിരുത്തല്‍ നടപടികള്‍ ബജറ്റിലില്ല. കര്‍ഷകര്‍, യുവജനങ്ങള്‍, തൊഴില്‍ രഹിതര്‍ തുടങ്ങി സാധാരണക്കാരെ നിരാശരാക്കിയെന്നും കെ സുധാകരന്‍ പറഞ്ഞു.
ലോക്ക്ഡൗണും കൊവിഡും കൊണ്ട് തകര്‍ന്നുപോയ ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്ക് ഒരു കെെത്താങ്ങ് ലഭിച്ചില്ല. ആഭ്യന്തര ഉത്പാദനത്തിന്‍റെ 30 ശതമാനവും ചെറുകിട ഇടത്തരം സംരഭങ്ങളുടെ സംഭാവനയാണ്. ലോകത്തില്‍ അതിവേഗം വളരുന്നുവെന്ന് അവകാശപ്പെടുന്ന സമ്പദ്ഘടനയില്‍ ജനങ്ങള്‍ നാണ്യപ്പെരുപ്പം കൊണ്ട് വീര്‍പ്പുമുട്ടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതരും പാവപ്പെട്ടവരുമുള്ള രാജ്യം കൂടിയാണിത്.
സിപിഎമ്മും ബിജെപിയും തമ്മില്‍ രാഷ്ട്രീയചങ്ങാത്തമുണ്ടെങ്കിലും അതിന്‍റെ പ്രയോജനവും കേരളത്തിന് കിട്ടിയില്ല. ഇത്തവണത്തെ ബജറ്റിലും കേരളത്തിന്‍റെ ദീര്‍ഘനാളത്തെ ആവശ്യങ്ങള്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ മുഖംതിരിച്ചു. റെയില്‍വെ, ഉപരിതല ഗാതഗത വികസനം എന്നിവയ്ക്ക് കാര്യമായ തുക അനുവദിച്ചില്ല. എയിംസിനായി ഇനിയും കാത്തിരിക്കേണ്ട ഗതികേടാണ്. എയിംസിനായി സ്ഥലം നിശ്ചയിച്ച് കേന്ദ്രത്തെ അറിയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ കാലതാമസമാണ് ഇതിന് തിരിച്ചടിയായത്. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് കേരളത്തിലെ ഓരോ ജില്ലയ്ക്കും പ്രത്യേകം പരിഗണന ലഭിച്ചിരുന്നു. കേരളത്തിന്‍റെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.