പന്ത്രണ്ടാം ദിനവും ബ്രഹ്മപുരം പുകഞ്ഞുതന്നെ; ‘ഏറെക്കുറെ പൂർണ്ണമായി നിയന്ത്രണവിധേയമെന്ന്’ കളക്ടര്‍

Jaihind Webdesk
Monday, March 13, 2023

കൊച്ചി: ബ്രഹ്മപുരത്തെ തീയും പുകയും അണയ്ക്കാനുള്ള ശ്രമം പന്തണ്ടാം ദിവസവും തുടരുന്നു. ബ്രഹ്മപുരത്തെ അഗ്‌നിബാധയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. അതേസമയം ആരോഗ്യ സേവനം ഉറപ്പുവരുത്താനായി രണ്ട് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഇന്ന് മുതൽ വൈറ്റില മേഖലയിൽ പ്രവർത്തിക്കും. അതേസമയം ബ്രഹ്മപുരത്തെ തീയും പുകയും ഏറെക്കുറേ പൂര്‍ണ്ണമായി നിയന്ത്രണ വിധേയമായെന്ന് അവകാശപ്പെട്ട് എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഫേസ്ബുക്കില്‍ കുറിപ്പിട്ടു.

12 ദിനങ്ങൾ പിന്നിടുമ്പോഴും ബ്രഹ്മപുരത്തെ തീ പൂർണ്ണമായും അണയ്ക്കാനായിട്ടില്ലെന്നതാണ് വസ്തുത. 95% പ്രദേശത്തെ തീയും പുകയും അണച്ചെന്നാണ് ജില്ലാഭരണകൂടം അറിയിക്കുന്നത്. ബാക്കി പ്രദേശത്തെ തീയണക്കായാനായി കൂടുതൽ മണ്ണുമാന്ത്രി യന്ത്രങ്ങളും അഗ്നിരക്ഷാ യൂണിറ്റുകളും ഇവിടേക്ക് മാറ്റിയിട്ടുണ്ട്. തീപിടിത്തത്തിന്‍റെയും തുടർന്ന് ജില്ലയിൽ വിഷപ്പുക വമിക്കുന്നതിന്‍റെയും പശ്ചാത്തലത്തിൽ ആരോഗ്യ സേവനം ഉറപ്പുവരുത്താനായി രണ്ട് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഇന്ന് മുതൽ വൈറ്റില മേഖലയിൽ പ്രവർത്തനമാരംഭിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുന്നതിനുമാണ് സംവിധാനമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം ബ്രഹ്മപുരം മാലിന്യപ്രശ്‌നം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു.  12 ദിവസമായിട്ടും പുക ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകാത്തതും സർക്കാറിന്‍റെ വീഴ്ചകളും പ്രതിപക്ഷം സഭയിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും. ഹൈക്കോടതി നിയോഗിച്ച വിദഗ്ധരുൾപ്പെട്ട നിരീക്ഷണ സമിതി മാലിന്യ പ്ലാന്‍റ് സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ട് ഇന്ന് കോടതിയില്‍ സമർപ്പിക്കും. തദ്ദേശ സ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ, കോർപറഷൻ സെക്രട്ടറി എന്നിവരോട് എല്ലാ സിറ്റിംഗിലും ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്‌നത്തിന്‍റെ പശ്ചാത്തലത്തിൽ ഉമാ തോമസ് എംഎൽഎ നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.