ഷാര്‍ജ പുസ്തക മേളയില്‍ മൂന്ന് കോണ്‍ഗ്രസ് നേതാക്കളുടെ പുസ്തക പ്രകാശനം ; വിഡി സതീശനും രമേശ് ചെന്നിത്തലയും ടിഎന്‍ പ്രതാപനും വായനോത്സവത്തിന്

Elvis Chummar
Thursday, November 4, 2021

ദുബായ് : നാല്‍പ്പത്താമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ കേരളത്തിലെ മൂന്ന് മുന്‍നിര കോണ്‍ഗ്രസ് നേതാക്കളുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്നു. കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ‘നേരനുഭവങ്ങള്‍ ‘ എന്ന പുസ്തകവും മുന്‍ പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ, ‘രമേശ് ചെന്നിത്തല – വ്യക്തിയും ജീവിതവും’ എന്ന പുസ്തകവും തൃശൂര്‍ ലോകസഭാംഗം ടി എന്‍ പ്രതാപന്‍റെ ‘ഭ്രാന്ത് പെരുകുന്ന കാലം’ എന്നീ മൂന്ന് പുസ്തകങ്ങളാണ് ഷാര്‍ജ മേളയില്‍ പ്രകാശനം ചെയ്യപ്പെടുന്നത്.

നവംബര്‍ നാലിന് വ്യാഴാഴ്ച

നവംബര്‍ നാലിന് വ്യാഴാഴ്ച രാത്രി ഒമ്പതിന് റൈറ്റേഴ്‌സ് ഫോറം ഹാളിലാണ് ടി എന്‍ പ്രതാപന്‍ എഴുതിയ ‘ഭ്രാന്ത് പെരുകുന്ന കാലം’ പ്രകാശനം ചെയ്യപ്പെടുക. ഭയം എങ്ങിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു, , വെറുപ്പിന്റെ രാഷ്ട്രീയത്തിലൂടെ ഫാസിസം ആധിപത്യം ഉറപ്പിക്കുന്നു തുടങ്ങീ സമകാലീന രാഷ്ട്രീയ ഇന്ത്യയെ പ്രതാപന്‍ പുസ്തകത്തിലൂടെ തുറന്നെഴുതുന്നു. എം എന്‍ കാരശേരിയാണ് അവതാരിക എഴുതിയത്. ലിപിയാണ് പുസ്തക പ്രസാധകര്‍.

നവംബര്‍ അഞ്ചിന് വെള്ളിയാഴ്ച

നവംബര്‍ അഞ്ചിന് വെള്ളിയാഴ്ച രാത്രി ഏഴിന് റൈറ്റേഴ്‌സ് ഫോറം ഹാളിലാണ് ‘രമേശ് ചെന്നിത്തല വ്യക്തിയും ജീവിതവും’ എന്ന പുസ്തം പ്രകാശനം ചെയ്യുക. അഡ്വക്കേറ്റ് ഐ മൂസയാണ് പുസ്തകം എഡിറ്റ് ചെയ്തത്. ഹരിതം ബുക്‌സ് ആണ് പ്രസാധകര്‍. രമേശ് ചെന്നിത്തലയുടെ പാര്‍ലിമെന്ററി ജീവിതത്തിന്റെ ജൂബിലി ആഘോഷ വേളയില്‍ അഡ്വ. ഐ മൂസ എഡിറ്റ് ചെയ്ത പ്രസിദ്ധീകരിച്ച , ‘രമേശ് ചെന്നിത്തല പാര്‍ലിമെന്ററി ജീവിതത്തിന്റെ കാല്‍ നൂറ്റാണ്ട് ‘ എന്ന സുവനീറിന്റെ പുസ്തക രൂപം കൂടിയാണിതെന്ന് ഹരിതം ബുക്‌സിന്റെ പ്രതാപന്‍ തായാട്ട് പറഞ്ഞു.

നവംബര്‍ ആറിന് ശനിയാഴ്ച

നവംബര്‍ ആറിന് ശനിയാഴ്ച വൈകിട്ട് ആറിന് റൈറ്റേഴ്‌സ് ഫോറം ഹാളിലാണ് വി ഡി സതീശന്റെ നേരനുഭവങ്ങള്‍ എന്ന പുസ്തകം പ്രകാശനം ചെയ്യുക. സതീശന്റെ രാഷ്ട്രീയവും ജീവിതവും പറയുന്ന പുസ്തക പ്രസാധകര്‍ ഒലിവ് ബുക്‌സ് ആണ് . മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ടോണി ചിറ്റേട്ടുകളം ആണ് പുസ്തകം തയ്യാറാക്കിയത്.