തിരുവനന്തപുരം : കേശവദാസപുരത്ത് ബോംബ് ഉണ്ടാക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്. വാടകയ്ക്ക് വീട് എടുത്ത് ബോംബ് ഉണ്ടാക്കുന്നതായി നാട്ടുകാർ പറഞ്ഞു. അതേസമയം കേസ് എടുക്കാതെ പൊലീസ് വിട്ടയച്ചതായി വിമർശനം ഉയർന്നിരുന്നു.
മോസ്ക് ലൈനിലെ വാടകയ്ക്ക് എടുത്ത വീട്ടിൽ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരിൽ ഒരാളുടെ രണ്ട് കൈപ്പത്തികളും അറ്റുപോയ നിലയിലായിരുന്നു. പൊലീസെത്തി പരിക്കേറ്റ രണ്ടു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കൂടുതൽ പൊലീസെത്തി പരിശോധന നടത്തുന്നതിനിടെ ഡി.വൈ.എഫ്.ഐ നേതാക്കളും സംഭവം നടന്ന വീട്ടിലെത്തി. ബോംബ് ഉണ്ടാക്കുന്നതായി നാട്ടുകാര്‍ നേരത്തെയും പരാതിപ്പെട്ടിരുന്നെങ്കിലും കാര്യമായ നടപടി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.