കോണ്‍ഗ്രസ് ഇറങ്ങിയാല്‍ യു.പിയില്‍ ബി.ജെ.പി നിലംപരിശാകും: ഇന്ത്യാ ടുഡേ-കാര്‍വി സര്‍വേ

Jaihind Webdesk
Wednesday, January 23, 2019

എസ്.പി-ബി.എസ്.പി സഖ്യത്തിനൊപ്പം കോണ്‍ഗ്രസ് കൂടി ചേര്‍ന്നാല്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി  തകര്‍ന്നടിയുമെന്ന് സര്‍വേ. കോണ്‍ഗ്രസ് കൂടി ചേര്‍ന്നാല്‍ ബി.ജെ.പി കേവലം അഞ്ച് സീറ്റുകളില്‍ ഒതുങ്ങുമെന്ന് ഇന്ത്യാ ടുഡേയും കാര്‍വി ഇന്‍സൈറ്റും നടത്തിയ മൂഡ് ഓഫ് ദ നേഷന്‍ സര്‍വേ വ്യക്തമാക്കുന്നു.

എസ്.പി-ബി.എസ്.പി സഖ്യത്തിനൊപ്പം കോണ്‍ഗ്രസ് കൂടി ചേര്‍ന്നാല്‍ അത് വരുന്ന ലോക്സഭാതെരഞ്ഞെടുപ്പില്‍ ഉണ്ടാക്കുന്ന ഫലം എന്താകും എന്നതായിരുന്നു സര്‍വെയുടെ പ്രധാന അന്വേഷണം. ഇതിന് ലഭിച്ച ഉത്തരം ബി.ജെ.പി ഉത്തര്‍പ്രദേശില്‍ നിലംപരിശാകും എന്നതായിരുന്നു.

കോണ്‍ഗ്രസ് വിശാലസഖ്യവുമായി സഹകരിച്ചില്ലെങ്കില്‍ ബി.ജെ.പി-അപ്നാദള്‍ സഖ്യത്തിന് നിലവിലെ അവസ്ഥയില്‍ 18 സീറ്റുകളാണ് സര്‍വെ പ്രവചിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് വിശാല സഖ്യത്തിനൊപ്പം ചേര്‍ന്നാല്‍ ബി.ജെ.പി സഖ്യം വെറും അഞ്ച് സീറ്റുകളിലൊതുങ്ങും എന്ന് സര്‍വെ പറയുന്നു.

80 സീറ്റുകളുള്ള ഉത്തര്‍പ്രദേശ് ലോക്സഭാ മണ്ഡലത്തില്‍ 2014 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-അപ്നാ ദള്‍ സഖ്യം 73 സീറ്റുകളാണ് നേടിയിരുന്നത്.  എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പിയുടെ നില ദയനീയമാണെന്ന് സര്‍വെ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് കൂടി എസ്.പി-ബി.എസ്.പി സഖ്യത്തിനൊപ്പം ചേര്‍ന്നാല്‍ ആകെയുള്ള 80 സീറ്റുകളില്‍ 75 സീറ്റുകളും വിശാല സഖ്യത്തിന് നേടാനാകും. കോണ്‍ഗ്രസ് വിശാലസഖ്യത്തിനൊപ്പം കളത്തിലിറങ്ങിയാല്‍ ബി.ജെ.പി ഉത്തര്‍പ്രദേശില്‍ നാമമാത്രമാകും എന്നാണ് ഇന്ത്യാ ടുഡേ – കാര്‍വി സര്‍വേ പ്രവചിക്കുന്നത്.