പോളിങ് ബൂത്തില്‍ ബി.ജെ.പി ചിഹ്നവുമായി കയറി; ബി.ജെ.പി എം.പിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീട്ടുതടങ്കലിലാക്കി

Jaihind Webdesk
Thursday, April 18, 2019

ലക്നൗ: ബി.ജെ.പി ചിഹ്നവുമായി പോളിങ് ബൂത്തില്‍ അതിക്രമിച്ചു കയറിയ ബി.ജെ.പി എം.പിയെ വീട്ടുതടങ്കലിലാക്കി തെരഞ്ഞെടുപ്പു കമ്മീഷന്‍. ബുലന്ദ്ശഹറിലെ എം.പിയായ ഭോല സിങ്ങിനെയാണ് തടവിലാക്കിയത്.

സുരക്ഷാ ജീവനക്കാര്‍ തടഞ്ഞിട്ടും പോളിങ് ബൂത്തിലേക്ക് ഇയാള്‍ അതിക്രമിച്ചു കയറുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തെ പെരുമാറ്റചട്ടം ലംഘിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലിലാക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്.
ബി.ജെ.പിയുടെ ചിഹ്നം പതിച്ച ബാന്റ് ധരിച്ചുകൊണ്ടായിരുന്നു സിങ് ബൂത്തിനുള്ളിലേക്ക് കയറിയത്. ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്ന എട്ട് മണ്ഡലങ്ങളില്‍ ഒന്നാണ് ബുലന്ദ്ശഹര്‍. 2014ലെ തെരഞ്ഞെടുപ്പില്‍ 421973 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി.എസ്.പി സ്ഥാനാര്‍ത്ഥി പ്രദീപ് കുമാര്‍ ജാദവിനെ ഭോലാ സിങ് പരാജയപ്പെടുത്തിയത്.

ഇന്ന് രാവിലെയാണ് ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. 13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കാണ് ഇന്ന് ജനവിധി തേടിയത്. തമിഴ്‌നാട്ടിലെ ആകെയുള്ള 38 സീറ്റിലും ഇന്നായിരുന്നു വോട്ടെടുപ്പ്.