മോദി പ്രചാരണത്തിനിറങ്ങിയ 70% മണ്ഡലങ്ങളിലും ബിജെപിക്ക് തോൽവി

Jaihind Webdesk
Tuesday, December 18, 2018

നരേന്ദ്രമോദി പ്രചാരണത്തിനിറങ്ങിയ ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപിക്ക് തോല്‍വി. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ നരേന്ദ്ര മോദി പ്രചാരണത്തിന് എത്തിയ 70 ശതമാനം നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി തോല്‍വി ഏറ്റുവാങ്ങിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യസ്പെന്‍ഡാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

മോദിയുടെ പ്രഭാവം മങ്ങിയെന്നതിനു തെളിവാണിതെന്ന് എതിരാളികള്‍ പറയുന്നു.

80 മണ്ഡലങ്ങളിലാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തിയത്. ഇതില്‍ 57 ഇടങ്ങളിലും ബിജെപി പരാജയപ്പെട്ടു. 23 മണ്ഡലങ്ങളിലാണ് വിജയിച്ചത്. മോദി ഏറ്റവും കൂടുതല്‍ പ്രചാരണങ്ങള്‍ നയിച്ചത് മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ്- 22 റാലികള്‍. ഇവിടെ മോദി പങ്കെടുത്തു. എന്നാല്‍ 54 സീറ്റില്‍ 22 ഇടത്തു മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ 26 മണ്ഡലങ്ങളിലായി എട്ടു പ്രചാരണ റാലികളിലാണ് മോദി പങ്കെടുത്തത്. എന്നാല്‍ വിജയിച്ചത് ഒരു മണ്ഡ‍ലത്തില്‍ മാത്രം.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയ ഭൂരിഭാഗം മണ്ഡലങ്ങളിലും സമാനമായിരുന്നു അവസ്ഥ. ഹിന്ദി ഹൃദയഭൂമിയില്‍ ആതിഥ്യനാഥ് പ്രചാരണം നടത്തിയ 59 ശതമാനം മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് കാലിടറി. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാ‌യി 63 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണം നയിച്ചത്. 63 ല്‍ മൂന്നിടങ്ങളില്‍ മാത്രമാണ് ബിജെപിക്ക് മുന്‍തൂക്കം.

ഛത്തീസ്ഗഢില്‍ 24 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണത്തിനെത്തിയത്. ഇവിടെ 8 സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് മുന്‍തൂക്കം. 2013 ല്‍ 16 സീറ്റുകളാണ് ബിജെപി ഇവിടെ നേടിയത്.

മധ്യപ്രദേശില്‍‌ യോഗി പ്രചാരണത്തിനെത്തിയ 13 സീറ്റുകളില്‍ അഞ്ച് എണ്ണത്തില്‍ മാത്രമാണ് ബിജെപിക്ക് മുന്‍തൂക്കം. രാജസ്ഥാനില്‍ യോഗിയെത്തിയ 26 മണ്ഡലങ്ങളില്‍ 13 ഇടത്തു മാത്രമാണ് ബിജെപിക്ക് മുന്‍തൂക്കം ലഭിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.