ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ നീക്കം നടത്തുന്നത് ബി.ജെ.പി മുഖ്യമന്ത്രി ഖട്ടാറിന്റെ പരാമര്‍ശങ്ങളെ ചൂണ്ടിക്കാട്ടി: ഇളിഭ്യത മറയ്ക്കാന്‍ രാഹുല്‍ഗാന്ധിയുടെ പേര് വലിച്ചിഴച്ച് ഭരണകക്ഷി

Jaihind News Bureau
Sunday, September 1, 2019

ന്യൂഡല്‍ഹി: കശ്മീരിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ഇടപെടലിനുവേണ്ടി പാക്കിസ്ഥാന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് ബലമേകുന്നത് ബി.ജെ.പി നേതാക്കളുടെ വര്‍ഗ്ഗീയ, ജനാധിപത്യവിരുദ്ധ, കശ്മീര്‍ വിരുദ്ധ പരാമര്‍ശങ്ങളെന്ന് രേഖകള്‍. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹര്‍ ലാല്‍ഖട്ടറും ഉത്തര്‍പ്രദേശ് എം.എല്‍.എ വിക്രം സൈനിയും നടത്തിയ കശ്മീര്‍, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെയാണ് ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിനെ മറച്ചുവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രാഹുല്‍ഗാന്ധിയുടെ വിമര്‍ശനങ്ങളെ വലിച്ചിഴയ്ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഉപയോഗിച്ചാണ് പാകിസ്താന്‍ യു.എന്നില്‍ ഇന്ത്യയ്ക്കെതിരെ നീങ്ങുന്നതെന്ന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പാകിസ്താന്റെ കത്തില്‍ രണ്ട് ഉന്നത ബി.ജെ.പി നേതാക്കളും ഇടംപിടിച്ചിട്ടുണ്ട്.

‘മുസ്ലിം സംഘടനകള്‍ ഇപ്പോഴുള്ള പുതിയ സംവിധാനത്തില്‍ ആനന്ദിക്കണം. അവര്‍ക്ക് ഇനി വെളുത്ത തൊലിയുള്ള കശ്മീരി പെണ്ണുങ്ങളെ കല്യാണം കഴിക്കാം’- യു.പി എം.എല്‍.എ വിക്രം സൈനിയുടെ പരാമര്‍ശം,
സമാനമായ പ്രസ്താവനയാണ് മനോഹര്‍ ലാല്‍ ഖട്ടാറും നടത്തിയത്. കശ്മീരില്‍ നിന്ന് വധുക്കളെ കൊണ്ടു വരും. ലിംഗാനുപാതം മെച്ചപ്പെടുത്തിയാല്‍ സമൂഹത്തില്‍ ശരിയായ സന്തുലിതാവസ്ഥ വരുമെന്ന് ഖട്ടാര്‍ പറഞ്ഞതായും കത്തിലുണ്ട്.  ബിജെപി നേതാക്കളുടെ ഈ പ്രസ്താവനക്കെതിരെ നേരത്തെ പ്രതിപക്ഷ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെ പിന്തുണച്ച മായാവതിയടക്കം ഖട്ടാറിനെതിരെ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. എന്നാല്‍, ഇതെല്ലാം മറച്ചുവച്ചാണ് ഇന്ത്യക്കെതിരെ പാകിസ്താന്‍ ഉപയോഗിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റാണെന്ന് ബി.ജെ.പി ആരോപിച്ചത്. ഖട്ടാറിന്റെ പ്രസ്താവനയ്ക്കെതിരെ നേരത്തെ തന്നെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന ന്യായവുമായി രംഗത്തെത്തിയെങ്കിലും ഇതിന്റെ മുഴുവന്‍ വീഡിയോയും പുറത്തുവന്നതോടെ ഖട്ടാര്‍ വെട്ടിലായി.
പാക് മനുഷ്യാവകാശ മന്ത്രി ഷിറീന്‍ മസാരി യു.എന്നിന് അയച്ച കത്തിലാണ് പരാമര്‍ശങ്ങള്‍.