മന്ത്രി ജി സുധാകരനായി മൃത്യുഞ്ജയ ഹോമം നടത്തി ബിജെപി നേതാവ്

Jaihind Webdesk
Monday, April 19, 2021

ആലപ്പുഴ : മന്ത്രി ജി സുധാകരന് വേണ്ടി വഴിപാട് കഴിച്ച് ബിജെപി നേതാവ് എൽ.പി ജയചന്ദ്രൻ. കമ്യൂണിസ്റ്റ് പൊളിറ്റിക്കല്‍ ക്രിമിനലുകളില്‍ നിന്ന് സുധാകരനെ സംരക്ഷിക്കാന്‍ വേണ്ടിയാണ് മൃത്യുഞ്ജയ ഹോമം നടത്തിയതെന്ന് അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ബിജെപി ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്‍റാണ് എൽ.പി ജയചന്ദ്രൻ. മുമ്പ് വി.എസ് അച്യുതാനന്ദന് വേണ്ടിയും ജയചന്ദ്രന്‍ വഴിപാട് നടത്തിയിട്ടുണ്ട്.

സുധാകരനെതിരെ ആലപ്പുഴ ലോക്കല്‍ കമ്മിറ്റിയംഗത്തിന്‍റെ പരാതി വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നതിനിടെയാണ് മന്ത്രിക്കായി ബിജെപി നേതാവിന്‍റെ വഴിപാട്.  തനിക്കെതിരെ പാർട്ടിക്കുള്ളില്‍ ഒരു വിഭാഗം ആസൂത്രിത നീക്കം നടത്തുന്നതായി സുധാകരന്‍ പറഞ്ഞിരുന്നു. സുധാകരനെ കമ്യൂണിസ്റ്റ് ക്രിമിനലുകളില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടിയാണ് വഴിപാടെന്നാണ് ബിജെപി നേതാവ് പറയുന്നത്.