‘കള്ളപ്പണം കൊണ്ട് കീശ വീര്‍പ്പിക്കുന്ന തിരക്കിലാണ് ബി.ജെ.പി’ : മോദി സര്‍ക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി

Jaihind Webdesk
Monday, November 18, 2019

കള്ളപ്പണം കൊണ്ട് കീശ വീര്‍പ്പിക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്‍റെ നീക്കമാണ് ഇലക്ടറല്‍ ബോണ്ടുകളെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ നീക്കം റിസർവ് ബാങ്കിനെ മറികടക്കുന്നതും ദേശസുരക്ഷയെ തന്നെ ആശങ്കയിലാഴ്ത്തുന്നതുമാണ്. കള്ളപ്പണം ഇല്ലാതാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ബി.ജെ.പി കള്ളപ്പണം കൊണ്ട് സ്വന്തം ഖജനാവ് നിറയ്ക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു. ഇന്ത്യന്‍ ജനതയെ വഞ്ചിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

2017 ല്‍ അരുണ്‍ ജെയ്റ്റ്ലിയാണ് ഇലക്ടറല്‍ ബോണ്ട് എന്ന ആശയം അവതരിപ്പിച്ചത്. വിദേശത്ത് നിന്നുള്‍പ്പെടെ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിട്ട് സ്വീകരിക്കുന്ന സംഭാവനയാണ് ഇലക്ടറല്‍ ബോണ്ട്. ബോണ്ടുകളില്‍ ആരാണ് പണം നല്‍കുന്നതെന്നോ ആരാണ് വാങ്ങുന്നതെന്നോ വ്യക്തമാക്കേണ്ടതില്ല. 2018 ല്‍ ബില്‍ ചര്‍ച്ചയില്ലാതെ പാസാക്കുകയായിരുന്നു. റിസർവ് ബാങ്ക് നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു.