പ്രിയങ്കയുടെ തുടര്‍സന്ദര്‍ശനവും കര്‍ഷക കൂട്ടായ്മകളും വെല്ലുവിളിയാകുന്നു; അസ്വസ്ഥമായി ബിജെപി നേതൃത്വം

Jaihind News Bureau
Thursday, February 18, 2021

ഉത്തര്‍ പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ തുടര്‍ച്ചയായുള്ള സംസ്ഥാന സന്ദര്‍ശനത്തില്‍ ഭയന്ന് ബി.ജെ.പി നേതൃത്വം. പ്രിയങ്കയുടെ സംസ്ഥാന സന്ദര്‍ശനങ്ങളിലെ വന്‍ ജനസാന്നിദ്ധ്യമാണ് ബി.ജെ.പിക്ക് വെല്ലുവിളിയാകുന്നത്. ഫെബ്രുവരി പകുതി ആയപ്പോഴേക്കും പ്രിയങ്ക നാലു തവണ യു.പി. സന്ദര്‍ശിച്ചു.

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ മരിച്ച കര്‍ഷകനായ നവദീപ് സിങിന്‍റെ കുടുംബത്തെ കാണാന്‍ ഫെബ്രുവരി നാലിന്‌ പ്രിയങ്ക റാംപൂരിലെത്തി. ഫെബ്രുവരി 10-ന് സഹാറന്‍പൂരിലെത്തി ഒരു കര്‍ഷക മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്തു. അധികൃതര്‍ അനുമതി നിഷേധിച്ച മഹാപഞ്ചായത്തിലും വന്‍ജനക്കൂട്ടമാണ് എത്തിയത്.

ഫെബ്രുവരി 11-ന് എത്തിയ പ്രിയങ്ക പ്രയാഗ് രാജില്‍ മുങ്ങിക്കുളിച്ച് അര്‍ച്ചന നടത്തിയിരുന്നു. ഫെബ്രുവരി 15-ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വീണ്ടും പടിഞ്ഞാറന്‍ യു.പിയിലെ ബിജിനോറിലെത്തി. മറ്റൊരു കിസാന്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.

ഡല്‍ഹിയിലെ ട്രാക്ടര്‍ റാലിക്ക് പിന്നാലെ ഉത്തര്‍പ്രദേശിലും ഹരിയാണയിലും നിരവധി കര്‍ഷക മഹാപഞ്ചായത്തുകളാണ് സംഘടിച്ചുവരുന്നത്. ആയിരങ്ങളാണ് ഓരോ സംഗമങ്ങളിലും അണിനിരക്കുന്നത്. കേന്ദ്ര സര്‍ക്കാരനെതിരെയുള്ള കര്‍ഷക വികാരം കോണ്‍ഗ്രസിന് രാഷ്ട്രീയ നേട്ടമാകുമോയെന്ന് ബിജെപി കേന്ദ്രങ്ങള്‍ ഭയക്കുന്നു.

അതേസമയം, പ്രിയങ്കയുടെ യു.പി. സന്ദര്‍ശനം ഇനിയും വര്‍ധിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. 2022-ലെ തിരഞ്ഞെടുപ്പിന് മുമ്പായി പ്രിയങ്ക എല്ലാ നിയമസഭാ മണ്ഡലങ്ങളും സന്ദര്‍ശിക്കും.