പീഡനപരാതി ഒത്തുതീർപ്പാക്കാന്‍ ബിനോയ് കോടിയേരിയുടെ ശ്രമം; ഫോണ്‍ സംഭാഷണം പുറത്ത്

Jaihind Webdesk
Thursday, July 25, 2019

Binoy-TOI Report

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതിന്‍റെ തെളിവ് പുറത്ത്. ബിനോയ് കോടിയേരി പരാതിക്കാരിയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. പ്രശ്‌നപരിഹാരത്തിനായി ആവശ്യമായതെന്തും ചെയ്യാമെന്നും ബന്ധം ഉപേക്ഷിക്കണമെന്നും ബിനോയ് ഫോണില്‍ കൂടി ആവശ്യപ്പെടുന്നു. ഒരു സ്വകാര്യ ചാനലാണ് ശബ്ദരേഖ പുറത്തുവിട്ടത്.

അഞ്ച് കോടി രൂപ നല്‍കണമെന്നാണ് യുവതിയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് യുവതി വക്കീല്‍ നോട്ടീസയച്ചിരുന്നു. തുടര്‍ന്ന് ജനുവരി പത്തിന് ബിനോയ്  കോടിയേരി യുവതിയെ വിളിച്ചതിന്‍റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ഇത്ര വലിയ തുക നല്‍കാനാവില്ലെന്ന ബിനോയ് കോടിയേരിയുടെ മറുപടിക്ക് കഴിയുന്നത് നല്‍കാനാണ് യുവതി ആവശ്യപ്പെടുന്നത്. അഞ്ച് കോടി നല്‍കാന്‍ കഴിയില്ലെങ്കില്‍ നിങ്ങളുടെ മകന് ജീവിക്കാനാവശ്യമായ തുക നല്‍കണമെന്നും അത് എത്രയെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നുമാണ് യുവതി പറയുന്നത്. അതേസമയം പ്രശ്‌നം പരിഹരിച്ചാല്‍ താനുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കണമെന്നും പേരിന്‍റെ ഒപ്പമുള്ള തന്‍റെ പേര് മാറ്റണമെന്നും ബിനോയ് യുവതിയോട് ആവശ്യപ്പെടുന്നുണ്ട്.

ഫോണ്‍ സംഭാഷണത്തിന്‍റെ പൂര്‍ണരൂപം :

ബിനോയ്: നീ കത്തയച്ചത് അഭിഭാഷകന്‍ വഴിയാണോ അതോ മറ്റാരെങ്കിലും വഴിയോ ?

പരാതിക്കാരി: എന്‍റെ അഭിഭാഷകന്‍ വഴിയാണ്…

ബിനോയ്: ശരി… പക്ഷേ, നിനക്ക് അഞ്ചുകോടി രൂപ ആര് നല്‍കും ?

പരാതിക്കാരി: അത്ര തരാന്‍ പറ്റില്ലെങ്കില്‍ എന്താണ് ചെയ്യാന്‍ പറ്റുക എന്നാല്‍ ചെയ്യൂ… നിങ്ങളുടെ മകനു ജീവിക്കാന്‍ ആവശ്യമായതെന്താണോ അത് നല്‍കൂ… എനിക്കൊന്നും വേണ്ട. പക്ഷേ, നമ്മുടെ മകനുവേണ്ടി നിങ്ങള്‍ വേണ്ടത് ചെയ്യണം…

ബിനോയ്: ശരി…  എടുത്തുചാടി ഒന്നും ചെയ്യരുത്… ആളുകള്‍ പലരീതിയിലാണ് കാണുന്നത്… ഓക്കെ?

പരാതിക്കാരി: ഞാനെന്താ ചെയ്യണമെന്നാണ് പറയുന്നത് ?

ബിനോയ്: അത് ഞാന്‍ പറയാം. എന്താണ് ചെയ്യാന്‍ പറ്റുക എന്നാല്‍ ചെയ്യാം… ഓക്കേ? പക്ഷേ, ഞാനുമായുള്ള ബന്ധം നീ പൂര്‍ണമായും ഉപേക്ഷിക്കണം. പേര് മാറ്റുകയും വേണം… നിന്‍റെ ഇഷ്ടംപോലെ ഇഷ്ടമുളളിടത്ത് ജീവിക്കാം… ഓക്കേ? 

പരാതിക്കാരി: ഓ.കെ…

ബിനോയ്: ഓ.കെ

പരാതിക്കാരി: പക്ഷെ ഈ കാര്യങ്ങളൊക്കെ എപ്പോള്‍ ശരിയാക്കും ?

പരാതിക്കാരി: നിങ്ങള്‍ എന്താ പറഞ്ഞത്… ? (ഫോണ്‍ കട്ടാവുന്നു)