ലഹരി-സ്വർണ്ണക്കടത്ത് പ്രതികളുമായി അടുത്ത ബന്ധമെന്ന് ബിനീഷ് കോടിയേരി ; മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്

Jaihind News Bureau
Thursday, September 10, 2020

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. സ്വർണ്ണക്കടത്ത് കേസിലെയും ബംഗളൂരു ലഹരിമരുന്ന് കേസിലെയും പ്രതികളുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ബിനീഷ് ഇ.ഡിക്ക് മൊഴി നൽകി. ബിനീഷിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ബിനീഷിന്‍റെ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്‍റ് കണ്ടെത്തല്‍. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലും ക്ലീന്‍ ചിറ്റ് നല്‍കാവുന്ന വിവരങ്ങളല്ല ലഭിച്ചതെന്നുമാണ് എന്‍ഫോഴ്സ്മെന്‍റ് ‍ഡയറക്ടറേറ്റ് നല്‍കുന്ന സൂചന. ഈ വിവരങ്ങള്‍ പരിശോധിച്ച ശേഷമാകും വീണ്ടും ചോദ്യം ചെയ്യുക.

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും ബംഗളൂരുവില്‍ ഒളിത്താവളം ഒരുക്കിയത് തന്‍റെ അറിവോടെയല്ലന്ന് ബിനീഷ് കോടിയേരി ഇ.ഡിക്ക് മുമ്പാകെ വ്യക്തമാക്കി. രണ്ടു കേസുകളിലെയും പ്രതികളുമായി തനിക്ക് ബന്ധമുണ്ടന്ന് ബിനീഷ് സമ്മതിച്ചു. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിട്ടുണ്ടെന്നും ബിനീഷ് മൊഴി നൽകിയിട്ടുണ്ട്. ഇ.ഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് ആദ്യം തനിക്ക് പ്രതികളുമായി യാതൊരു ബന്ധവുമില്ലെന്ന്  സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും രേഖകൾ നിരത്തി ഇ.ഡിയുടെ ചോദ്യം ചെയ്യൽ ആരംഭിച്ചതോടെ ബിനീഷിന് അടിപതറുകയായിരുന്നു.

ഇന്നലെ 11 മണിക്കൂറിലധികം  ചോദ്യം ചെയ്തതിന് ശേഷമാണ് ബിനീഷിനെ വിട്ടയച്ചത്. താല്‍ക്കാലികമായാണ് വിട്ടയച്ചതെന്ന് എന്‍ഫോഴ്സ്മെന്‍റ് വൃത്തങ്ങള്‍ പറയുന്നു. ആദ്യഘട്ട ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ബിനീഷിനോട് കൊച്ചിയിൽ തുടരാൻ ഇ.ഡി നിർദേശം നൽകിയിട്ടുണ്ട്. രണ്ട് ദിവസത്തിന് ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. നിർണ്ണായക വിവരങ്ങൾ ലഭ്യമായതോടെ വീണ്ടും ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് നടപടികളിലേക്ക് കടക്കും എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ബംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഇ.ഡി രണ്ടാംഘട്ട ചോദ്യം ചെയ്യലിന് സമയം അനുവദിച്ചതെന്നാണ് സൂചന.

 

 

teevandi enkile ennodu para