ലഹരി മാഫിയയുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധം ; ഗുരുതര ആരോപണവുമായി യൂത്ത് ലീഗ്

Jaihind News Bureau
Wednesday, September 2, 2020

 

കോഴിക്കോട് : ബംഗളുരുവില്‍ പിടിയിലായ ലഹരി സംഘവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണവുമായി യൂത്ത് ലീഗ്. ലഹരിമരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദിന് വേണ്ടി പണം മുടക്കുന്നത് ബിനീഷ് കോടിയേരിയാണെന്നും ബംഗളുരു ലഹരിമരുന്ന് മാഫിയയുമായുള്ള ബിനീഷ് കോടിയേരിയുടെ ബന്ധം അന്വേഷിക്കണമെന്നും  യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ചയാണ് ബംഗളുരുവില്‍ ലഹരിമരുന്ന് സംഘം പിടിയിലായത്. അനൂപ് മുഹമ്മദിന് ബിനീഷുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ജൂണ്‍ 19ന് അനൂപ് മുഹമ്മദ് കുമരകത്ത് നടത്തിയ ലഹരി നിശാ പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരിയും പങ്കെടുത്തതായും  ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ലഹരിമരുന്ന് സംഘത്തിന് സിനിമാ മേഖലയുമായും അടുത്ത ബന്ധമുണ്ടെന്നും പി.കെ ഫിറോസ് പറഞ്ഞു.

ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന് ജൂ‌‌ലൈ‌ 10ന് വന്ന ഫോണ്‍ കോളുകള്‍ പരിശോധിക്കണം. അന്നേദിവസം 26 തവണ ബിനീഷ് അനൂപിനെ വിളിച്ചിട്ടുണ്ട്. ജൂലൈ 10 നാണ് സ്വപ്നാ സുരേഷ് ബംഗളുരുവില്‍ പിടിക്കപ്പെട്ടത്. അനൂപിന്‍റെ മൊഴിയില്‍ നിന്നു തന്നെ ബന്ധം വ്യക്തമാണെന്നും പി.കെ.ഫിറോസ് പറഞ്ഞു. അനൂപ് മുഹമ്മദ് നർകോട്ടിക് ബ്യൂറോയ്ക്ക് നൽകിയ മൊഴിയും പി.കെ ഫിറോസ് പുറത്തുവിട്ടു. ലഹരി കടത്തുകേസിൽ അറസ്റ്റിലായ പ്രതികളിൽ പലർക്കും സ്വർണ്ണകടത്തു പ്രതികളുമായി ബന്ധമുണ്ട്. സ്വര്‍ണക്കടത്ത് പ്രതി റമീസുമായും അനൂപിന് ബന്ധമുണ്ടെന്നും ഫിറോസ് ആരോപിച്ചു. രേഖകളെല്ലാം പുറത്തുവിടുമെന്നും ഈ കേസിലെ അന്വേഷണം കേരളത്തിലേക്ക് എത്തിരിക്കാൻ ശ്രമം നടക്കുന്നുവെന്നും ഫിറോസ് പറഞ്ഞു.

teevandi enkile ennodu para