‘ക്യാമ്പസിൽ ബൈക്ക് കയറ്റിയത് ചോദ്യംചെയ്തു’; അധ്യാപകനെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന് പരാതി

Jaihind Webdesk
Saturday, August 17, 2024

 

തിരുവനന്തപുരം: ക്യാമ്പസിൽ ബൈക്ക് കയറ്റിയത് ചോദ്യം ചെയ്ത അധ്യാപകനെ വിദ്യാർത്ഥികൾ കയ്യേറ്റം ചെയ്തെന്ന് പരാതി. ചെമ്പഴന്തി എസ്എൻ കോളേജിലെ അധ്യാപകൻ ഡോ. ബൈജുവാണ് പരാതി നൽകിയത്. കോളജിലെ എസ്എഫ്ഐ പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് അധ്യാപകൻ പറഞ്ഞു.

ഒരു അധ്യാപകനും ഉണ്ടാകാൻ പാടില്ലാത്ത അനുഭവമാണ് നേരിട്ടതെന്നും ആ മാനസിക ആഘാതത്തിൽ നിന്നും ഇപ്പോഴും പുറത്തു വന്നിട്ടില്ലെന്നും ഡോ. ബൈജു  പറഞ്ഞു. നാല് പേരുമായി ഒരു ബൈക്കിൽ ക്യാമ്പസിൽ കയറിയതിനാണ്  ചോദ്യംചെയ്തതെന്നും രണ്ട് പേരോട് ഇറങ്ങാൻ പറഞ്ഞത് അവർക്ക് ഇഷ്ടപ്പെട്ടില്ല. ഇതിനു ശേഷം വിദ്യാർത്ഥികൾ മോശമായി സംസാരിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തെന്ന് അധ്യാപകൻ പറഞ്ഞു. നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ വൈകുന്നേരമാണ് സംഭവം. അധ്യാപകൻ കാറിൽ പുറത്തേക്ക് പോകവേയാണ് നാല് വിദ്യാർത്ഥികൾ ഒരു ബൈക്കിൽ ക്യാമ്പസിനുള്ളിലേക്ക് കയറുന്നത് കണ്ടത്. ഇങ്ങനെ ബൈക്ക് ഓടിക്കരുതെന്നും അപകടമുണ്ടാകുമെന്നും അധ്യാപകൻ പറഞ്ഞതിനു  പിന്നാലെ കാറിന്‍റെ ഡോർ തുറന്ന്  അധ്യാപകനെ പിടിച്ചിറക്കി കയ്യേറ്റം ചെയ്യുകയായിരുന്നു.