ബികാസ് രഞ്ജൻ ഭട്ടാചാര്യ രാജ്യസഭയിലേക്കെത്തിയത് കോൺഗ്രസ് പിന്തുണയോടെയെന്ന് പറയാതെ ദേശാഭിമാനി; 26 സീറ്റുകൾ മാത്രമുള്ള സിപിഎം സ്വന്തം നിലയിൽ എങ്ങനെ വിജയിച്ചുവെന്ന് സമൂഹമാധ്യമങ്ങൾ

Jaihind News Bureau
Wednesday, March 18, 2020

തിരുവനന്തപുരം: പശ്ചിമ ബംഗാളിൽ നിന്ന് രാജ്യസഭയിലേക്ക് സിപിഎമ്മിന്‍റെ ബികാസ് രഞ്ജൻ ഭട്ടാചാര്യയും തൃണമൂൽ കോൺഗ്രസിന്‍റെ നാല് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരുന്നു. ബികാസ് രഞ്ജനിലൂടെ രാജ്യസഭയിൽ ബംഗാളിൽ നിന്നുള്ള സിപിഎം പ്രാതിനിധ്യം ഇടവേളയ്ക്കുശേഷം തിരിച്ചുകിട്ടിയെന്നും വാർത്തയിലുണ്ട്. എന്നാൽ കോൺഗ്രസ് പിന്തുണയോടെയാണ് ബികാസ് രഞ്ജൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതെന്ന സത്യം ദേശാഭിമാനി സൗകര്യപൂർവം വിസ്മരിക്കുകയാണുണ്ടായത്.

ഇതിനെതിരെ രൂക്ഷവിമർശനമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. താൻ കോൺഗ്രസ്-സിപിഎം സംയുക്ത സാഥാനാർത്ഥിയാണെന്ന് ബികാസ് രഞ്ജൻ ഭട്ടാചാര്യതന്നെ സമ്മതിച്ചിട്ടും, കോൺഗ്രസ് പിന്തുണയോടെയാണ് സഭയിലെത്തിയതെന്നു പറയാൻ സിപിഎം കേരള ഘടകത്തിന് എന്തിത്ര നാണക്കേടെന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ ഉയർന്നുകേൾക്കുന്നു. ഈ നിർണായക ഘട്ടത്തിലും അന്ധമായ കോൺഗ്രസ് വിരോധം പേറി നടക്കുകയാണ് സിപിഎം കേരള ഘടകം.