പിറവത്ത് വൻ കള്ളനോട്ട് വേട്ട; 7 ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ കണ്ടെടുത്തു

Jaihind Webdesk
Tuesday, July 27, 2021

കൊച്ചി : എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് ഇലഞ്ഞിയിൽ കള്ളനോട്ട് നിർമാണ കേന്ദ്രം കണ്ടെത്തി. അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏകദേശം 7 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. വെളുപ്പിന് 5 മണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്.

കിളിരൂർ, വണ്ടിപ്പെരിയാർ, റാന്നി സ്വദേശികളാണ് പിടിയിലായത്. കള്ളനോട്ട് നിർമിക്കാനുള്ള യന്ത്രങ്ങൾ അടക്കം വിപുലമായ സംവിധാനങ്ങൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു.കള്ളനോട്ട് സംഘത്തിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബന്ധമുണ്ടെന്നാണ് സംശയം. കെട്ടിട നിർമ്മാണ സംഗമെന്ന വ്യാജേനയാണ് ഇവർ ഇലഞ്ഞിയിൽ വീട് എടുത്ത് കുറ്റകൃത്യം നടത്തിവന്നതെന്ന് പൊലീസ് അറിയിച്ചു.