കാണാനായി വഴിയരികില്‍ കാത്ത് നിന്ന് അമ്മമാർ; ചേർത്തുപിടിച്ച് വീട്ടിലേക്കെത്തി രാഹുല്‍

Jaihind Webdesk
Wednesday, September 14, 2022

കൊല്ലം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എട്ടാം  ദിവസമായ ഇന്ന് കൊല്ലം ജില്ലയിലാണ് പ്രയാണം തുടരുന്നത്. യാത്ര കടന്നുപോകുന്ന വഴികളിലെല്ലാം നൂറുകണക്കിന് പേരാണ് രാഹുല്‍ ഗാന്ധിയെ കാണാനും അഭിവാദ്യം അർപ്പിക്കാനുമായി എത്തുന്നത്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ അദ്ദേഹത്തെ കാണാനായി കാത്തുനില്‍ക്കുന്നുണ്ട്. ഇതിനിടെയായിരുന്നു ശാന്ത എന്ന അമ്മയുടെ വീട്ടിലേക്ക് രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം.

കല്ലുവാതുക്കൽ പാറയിൽ കോളനി ജംഗ്ഷൻ വഴി രാഹുൽ ഗാന്ധി നടന്നുവരുമ്പോഴാണ് ഒരു നോക്ക് കാണാൻ റോഡരികിൽ കാത്തുനിൽക്കുന്നവരുടെ കൂട്ടത്തിൽ നിന്ന ഒരു അമ്മ കൈവീശി കാണിക്കുന്നത് ശ്രദ്ധയിൽപെട്ടത്. അങ്ങോട്ടേക്ക് നടന്നെത്തിയ രാഹുല്‍ ഗാന്ധി പേര് ചോദിച്ചു. ശാന്ത എന്നാണ് അമ്മയുടെ പേര്. ശാന്തയുടെ സഹോദരിയും രാഹുല്‍ ഗാന്ധിയെ കാണാനായി മാത്രം ചിറക്കരയില്‍ നിന്ന് ഇവിടെ എത്തിച്ചേർന്നിരുന്നു. ശേഷം രണ്ടുപേരെയും ചേർത്തുപിടിച്ച് അവരുടെ വീട്ടിലേക്ക്. ജീവിതസാഹചര്യങ്ങളെല്ലാം രാഹുല്‍ ഗാന്ധി ചോദിച്ചു മനസിലാക്കി.

 

ദൂരെ നിന്ന് ഒരു നോക്ക് കാണണം എന്ന് ആഗ്രഹിച്ച നേതാവ് ഒരു മകനെ പോലെ തങ്ങളെ ചേർത്തുപിടിക്കുകയും വീട്ടില്‍ വരികയും ചെയ്തത് അമ്പരപ്പോടെയും ആഹ്ലാദത്തോടെയും മാത്രമേ ഈ അമ്മമാർക്ക് ഓർക്കാന്‍ കഴിയുന്നുള്ളൂ. സ്നേഹത്തോടെ തങ്ങളുടെ കാര്യങ്ങള്‍ തിരക്കുകയും ഇത്രയും സമയം ചെലവഴിക്കുകയും ചെയ്തത് തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത കാര്യമാണെന്ന് ഇവർ പറയുന്നു. ഇരുവർക്കും ജീവിതത്തിൽ വിജയം കൈവരിക്കാൻ കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട് രാഹുൽ ഗാന്ധി യാത്ര പറഞ്ഞിറങ്ങി. ചേർത്തുപിടിച്ച് ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച് ആനന്ദാശ്രുക്കളോടെ ആ അമ്മമാരും  രാഹുലിനെ നിറഞ്ഞ മനസോടെ യാത്രയാക്കി ഐക്യഭാരതം എന്ന ലക്ഷ്യം പൂര്‍ത്തിയാകുന്നത് രാജ്യത്തെ എല്ലാ ജനങ്ങളെയും സ്നേഹത്തോടെ ചേർത്തുനിർത്തുമ്പോഴാണെന്ന് കാട്ടിത്തരുകയായിരുന്നു

https://www.facebook.com/reel/903846060575064