രാഹുല്‍ ഗാന്ധിക്ക് പിന്നില്‍ അണിനിരന്ന് ജനം: മഴയിലും ചോരാത്ത ആവേശം; ഏഴാം ദിനത്തെ യാത്രയ്ക്ക് കല്ലമ്പലത്ത് സമാപനം

Jaihind Webdesk
Tuesday, September 13, 2022

തിരുവനന്തപുരം/കല്ലമ്പലം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഏഴാം ദിവസത്തെ പര്യടനത്തിന് ആവേശപൂർണ്ണമായ സമീപനം. കണിയാപുരത്ത് നിന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച യാത്ര പിന്നിട്ട വഴികളില്‍ ജനസഹസ്രങ്ങളുടെ അഭിവാദ്യങ്ങളും ആശംസകളും ഏറ്റുവാങ്ങി കല്ലമ്പലത്ത് സമാപിച്ചു. നാളെ രാവിലെയോടെ തലസ്ഥാനത്തെ പര്യടനം പൂർത്തിയാക്കുന്ന പദയാത്ര കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കും.

7 മണിയോടെ കണിയാപുരത്ത് നിന്ന് പദയാത്രയ്ക്ക് മഴയുടെ അകമ്പടിയുണ്ടായിരുന്നു. എന്നാല്‍ മഴയെ അവ​ഗണിച്ചും ആയിരങ്ങളാണ് പദയാത്രയെ വരവേൽക്കാൻ പാതയോരത്ത് കാത്തുനിന്നത്. കനത്ത മഴയെ വകവെക്കാതെ രാഹുൽ ഗാന്ധി മുന്നോട്ട് നടന്നതോടെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആവേശം വാനോളമുയർന്നു. സംഘാടകർ രാഹുലിനായി കുട എത്തിച്ചെങ്കിലും ഒപ്പമുണ്ടായിരുന്നവർക്ക് കൈമാറി അദ്ദേഹം യാത്ര തുർന്നു. കേരളത്തില്‍ ഇന്ന് യാത്രയുടെ മൂന്നാം ദിവസമാണ്. യാത്ര ഇന്നലെ കഴക്കൂട്ടത്തെത്തിയതോടെ 100 കിലോമീറ്റർ പിന്നിട്ടിരുന്നു.

 

പ്രവർത്തകർ കൂട്ടമായി ജാഥയിലേക്ക് എത്തിയതോടെ വേഗത്തിൽ മുന്നോട്ട് നടക്കാൻ നേതാക്കൾക്ക് പലതവണ മൈക്കിലൂടെ നിർദേശം നല്‍കേണ്ടിവന്നു. തന്നോട് സംസാരിക്കാനെത്തിയ കുട്ടികളെ ചേർത്തു പിടിച്ച് രാഹുൽ ഗാന്ധി വിവരങ്ങൾ അന്വേഷിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം യാത്ര കടന്നു പോകുന്ന വഴികളിലെല്ലാം രാഹുലിനെ കാണാനെത്തിയിരുന്നു. തിരക്കിനിടയിൽ രാഹുലിന്‍റെ അടുത്തേക്ക് എത്താൻ ശ്രമിച്ചവരെ പോലീസ് ഏറെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. യാത്ര തോന്നയ്ക്കലിൽ എത്തിയപ്പോൾ ആശാൻ സ്മാരകത്തിലെത്തി രാഹുൽ പുഷ്പാർച്ചന നടത്തി. മാമത്ത് തൊഴിലാളികളുടെ വലിയ പങ്കാളിത്തം ജാഥയിലുണ്ടായി. നേതാക്കളുമായി സംസാരിച്ചും റോഡിന്‍റെ ഇരുവശത്തെയും ജനസഞ്ചയത്തെ കൈകൾ ഉയർത്തി അഭിവാദ്യം ചെയ്തും രാഹുൽ യാത്ര തുടർന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണു​ഗോപാൽ എംപി, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജാഥയുടെ സംസ്ഥാന കോർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപി, യുഡിഎഫ് കണ്‍വീനർ എം.എം ഹസൻ, എംപിമാരായ കെ മുരളീധരൻ , അടൂർ പ്രകാശ്, ഡിസിസി പ്രസിഡന്‍റ് പാലോട് രവി, വി.എസ് ശിവകുമാർ തുടങ്ങിയവരെല്ലാം രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു.

 

 

ആറ്റിങ്ങലിലാണ് യാത്രയുടെ ഒന്നാംഘട്ടം അവസാനിച്ചത്. ആറ്റിങ്ങലിലെ കൺവെൻഷൻ സെന്‍ററിലായിരുന്നു വിശ്രമം. വിശ്രമത്തിനിടെ നേതാക്കൾക്ക് രമേശ് ചെന്നിത്തല യോഗയിലെ ചില അഭ്യാസങ്ങൾ പഠിപ്പിച്ചത് വേറിട്ട കാഴ്ചയായി. ആചാര്യ ചെന്നിത്തല ജി എന്ന് നേതാക്കളുടെ വിശേഷണം.

 

 

കൺവെൻഷൻ സെന്‍ററിൽ സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവർ രാഹുലിനെ കാണാനെത്തി. രണ്ടു മണിക്ക് തൊഴിലുറപ്പ് തൊഴിലാളികളെ കണ്ട രാഹുല്‍ ഗാന്ധി അവരുടെ ആശങ്കകള്‍ കേള്‍ക്കുകയും മറുപടി പറയുകയും ചെയ്തു. കോണ്‍ഗ്രസ് കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതിപോലെ തന്നെ എല്ലാവർക്കും നിശ്ചിത വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയും കോണ്‍ഗ്രസ് രാജ്യത്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

സംസ്ഥാനത്തെ കെ റയിൽ വിരുദ്ധ സമരസമിതി അംഗങ്ങളുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ചെയർമാൻ എം.പി ബാബുരാജ് ഉൾപ്പെടെ ഏഴ് പേരാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയത്. സമര സമിതിയുടെ സിൽവർ ലൈൻ വിരുദ്ധ സമരത്തിന് രാഹുൽ ഗാന്ധി പിന്തുണ അറിയിച്ചു. വിഷയത്തിൽ സജീവമായി ഇടപെടാൻ കെപിസിസിക്ക് നിർദേശവും നൽകി. കെ റയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുകയാണെങ്കിൽ ശക്തമായ സമരവുമായി സമരസമിതി മുന്നോട്ട് പോകുമെന്ന് സമര സമിതി ഭാരവാഹികൾ കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു.

 

 

വൈകിട്ട് 4 മണിയോടെ പുനരാരംഭിച്ച യാത്ര കല്ലമ്പലത്ത് സമാപിച്ചു. നാളെ രാവിലെ 7 മണിയോടെ നാവായിക്കുളത്ത് നിന്ന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്ര തുടർന്ന് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. രാത്രി 7 മണിയോടെ കൊല്ലം പള്ളിമുക്കില്‍ ജില്ലയിലെ ആദ്യദിന യാത്രയ്ക്ക് സമാപനമാകും.