ഐക്യമുന്നേറ്റത്തിന്‍റെ ആവേശജ്വാലയായി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര എട്ടാം ദിവസം; കൊല്ലം ജില്ലയില്‍ ഇന്നത്തെ പ്രയാണം പൂർത്തിയാക്കി

Jaihind Webdesk
Wednesday, September 14, 2022

കൊല്ലം: ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യമുയർത്തി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര കൊല്ലം ജില്ലയില്‍ ആദ്യദിവസം പൂർത്തിയാക്കി. രാവിലെ ശിവഗിരി കുന്നിലെ ശ്രീനാരായണഗുരു സമാധിയില്‍ തൊഴുതു വണങ്ങിയാണ് രാഹുല്‍ യാത്രയ്ക്ക് തുടക്കം കുറിച്ചത്. ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളി മുക്കട കവലയില്‍ വന്‍ സ്വീകരണമാണ് രാഹുല്‍ ഗാന്ധിക്ക് നേതാക്കളും പ്രവര്‍ത്തകരും ചേർന്ന് ഒരുക്കിയത്.

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എംപി, എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎല്‍എ, ഷാഫി പറമ്പില്‍ എംഎല്‍എ, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ദിഖ്, വൈസ് പ്രസിഡന്‍റ് വി.പി സജീന്ദ്രന്‍, ട്രഷറര്‍ വി പ്രതാപചന്ദ്രന്‍, നേതാക്കളായ വിടി ബല്‍റാം, ചാണ്ടി ഉമ്മന്‍, പഴകുളം മധു, ജെബി മേത്തര്‍ എംപി, രാഹുല്‍ മാങ്കൂത്തില്‍, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍റ് ബി.വി ശ്രീനിവാസ് എന്നിവരെ അനുധാവനം ചെയ്തു വന്ന രാഹുലിനെ ത്രിവര്‍ണ്ണ ഖദര്‍മാല അണിയിച്ച് ഡിസിസി പ്രസിഡന്‍റ് പി രാജേന്ദ്രപ്രസാദ് സ്വീകരിച്ചു. മോഹിനിയാട്ടവും വാദ്യമേളങ്ങളും അകമ്പടി ചാർത്തി.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ഡോ. ശൂരനാട് രാജശേഖരന്‍, സി.ആര്‍ മഹേഷ് എംഎല്‍എ, അഡ്വ. ഷാനവാസ്ഖാന്‍ അഡ്വ. ബിന്ദുകൃഷ്ണ, കെസി രാജന്‍, മോഹന്‍ ശങ്കര്‍, ആര്‍ ചന്ദ്രശേഖരന്‍, കോയിവിള രാമചന്ദ്രന്‍, എകെ ഹഫീസ്, സൂരജ് രവി, എല്‍ കെ ശ്രീദേവി, അഡ്വ. ജര്‍മിയാസ്, ഡോ നടയ്ക്കല്‍ ശശി, നെടുങ്ങോലം രഘു തുടങ്ങിയവര്‍ രാഹുലിനെ സ്വീകരിച്ച് ആനയിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ എംപി രാഹുലിനെ സ്വീകരിക്കുകയും ഒപ്പം നടക്കുകയും ചെയ്തു.  രാവിലെ 10.30 ഓടെ ചാത്തന്നൂര്‍ ജംഗ്ഷന് അടുത്തുള്ള എംപയര്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ യാത്രയുടെ ആദ്യ ഘട്ടം സമാപിച്ചു. പിന്നീട് പ്ലസ് ടു വരെയുള്ള സ്‌കൂള്‍ കുട്ടികളുമായി രാഹുല്‍ ഗാന്ധി സംവദിച്ചു. ചിത്രകലാമത്സരങ്ങളില്‍ വിജയികളായവര്‍ക്ക് രാഹുല്‍ സമ്മാനങ്ങള്‍ നല്‍കി. മുന്‍ കെപിസിസി പ്രസിഡന്‍റ് സി.വി പത്മരാജനുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി.

വൈകുന്നേരം ഇരവിപുരം നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണമൊരുക്കി. തുടർന്ന് രാത്രി 7 മണിയോടെ പള്ളിമുക്കില്‍ എത്തിച്ചേർന്ന യാത്രയുടെ സമാപനയോഗത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ചു. യൂനുസ്‌കുഞ്ഞ് എന്‍ജിനീയറിംഗ് കോളേജില്‍ ആണ് പദയാത്ര സംഘം ക്യാമ്പ് ചെയ്യുന്നത്. നാളെ യാത്രയ്ക്ക് അവധിയാണ്.