നിർബന്ധിത സാലറി ചലഞ്ചിൽ നിന്ന് സർക്കാർ പിന്മാറണം; എപ്പിഡെമിക് ഓർഡിനൻസിലെ 2 സി പിൻവലിക്കണം : ബെന്നി ബെഹനാൻ

Jaihind News Bureau
Thursday, April 2, 2020

Benny-Behanan-Web

കൊച്ചി: കോവിഡ് – 19 ന്‍റെ പേരിൽ സർക്കാർ ജീവനക്കാർക്ക് നിർബന്ധപൂർവം സാലറി ചലഞ്ച് നടപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി ആവശ്യപ്പെട്ടു. ആരോഗ്യ പ്രവർത്തകരും അതുമായി ബന്ധപ്പെട്ട സർക്കാർ ജീവനക്കാരും വിശ്രമമില്ലാതെ പണിയെടുക്കുകയാണ്. മാത്രമല്ല കോവിഡ് ബാധ സർക്കാർ ജീവനക്കാരടക്കം എല്ലാവരെയും ദുരിതത്തിലാക്കിയിരിക്കുന്ന ഈ സന്ദർഭത്തിൽ നിർബന്ധിതമായ പണപ്പിരിവ് ശരിയല്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പോലും സുതാര്യമല്ല. ഓഡിറ്റിങ് നടത്താൻ കഴിയുന്ന തരത്തിൽ പ്രത്യേക അക്കൗണ്ടിലേക്ക് ദുരിതാശ്വാസ ഫണ്ട്‌ മാറ്റണമെന്നും യു ഡി എഫ് കൺവീനർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടു. പ്രളയ ദുരിതാശ്വാസ നിധിയെ കുറിച്ച് വ്യാപകമായ പരാതികളും ആക്ഷേപങ്ങളും ഉയർന്നു കഴിഞ്ഞു. ഫണ്ട് വിനിയോഗത്തിൽ വ്യാപകമായ തട്ടിപ്പും നടന്നതായി തെളിഞ്ഞു. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ ചെലവഴിച്ച വാർത്തകളും പുറത്തുവന്നിട്ടുണ്ട്. വൈദ്യുതി ബോർഡ് അടക്കം സാലറി ചലഞ്ചിൽ പിരിച്ചെടുത്ത പണം പോലും പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് മാധ്യമങ്ങളിൽ വാർത്തകൾ വന്ന ശേഷമാണ്. ഈ സാഹചര്യത്തിൽ ദുരിതാശ്വാസ ഫണ്ട് സുതാര്യമാക്കണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.റീബിൾഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിക്ക് ആയിരം കോടി നീക്കി വച്ച സർക്കാർ ഒരു പൈസ പോലും ചെലവാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ വീണ്ടുമൊരു സാലറി ചലഞ്ചുമായി വരുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്.

കരാറുകാർക്ക് കൊടുക്കാനുള്ള പതിനാലായിരം കോടി രൂപയും ആറ് മാസത്തെ സാമൂഹ്യ ക്ഷേമ പെൻഷനും സർക്കാരിന്റെ വീഴ്ച കൊണ്ട് വന്ന കുടിശ്ശികയാണ്. അതിനായി സർക്കാർ ജീവനക്കാരുടെ ശമ്പളം നിർബന്ധിതമായി പിരിച്ചെടുക്കുന്നത് ശരിയല്ല. സാമ്പത്തിക ബുദ്ധിമുട്ട് പറയുന്ന സർക്കാർ തന്നെയാണ് ഹെലികോപ്റ്റർ പോലെയുള്ള ആഡംബരങ്ങൾക്ക് പണം ചെലവാക്കുന്നതെന്നും ബെന്നി ബെഹനാൻ കുറ്റപ്പെടുത്തി.

സർക്കാർ കൊണ്ടുവന്ന കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസിലെ 2 സി പിൻവലിക്കണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു. വേണ്ടി വന്നാൽ സംസ്‌ഥാനത്തിന്റെ അതിർത്തികൾ അടച്ചിടാൻ വ്യവസ്‌ഥ ചെയ്യുന്ന ഈ വകുപ്പ് ഇപ്പോഴത്തെ സാഹചര്യത്തിൽ ധാർമ്മികമാണോയെന്ന് സർക്കാർ ചിന്തിക്കണം. കാസർഗോഡ് അതിർത്തി കർണാടക സർക്കാർ അടച്ചിട്ടത് ധാർമിക പ്രശ്നമായി ഉന്നയിക്കുകയും കോടതിയിൽ ചോദ്യ ചെയ്യുകയും ചെയ്ത സർക്കാർ തന്നെ ഇത്തരമൊരു ഓർഡിനൻസ് ഇറക്കിയത് ശരിയല്ല. ഓർഡിനൻസിലെ അധാർമ്മികമായ ഇത്തരം വകുപ്പുകൾ പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.

teevandi enkile ennodu para