വിമാനത്തിലെ മർദ്ദനം: ഇ.പിക്കെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി സഭയില്‍

Jaihind Webdesk
Thursday, July 7, 2022

 

തിരുവനന്തപുരം: വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചു എന്ന പരാതിയിൽ ഇ.പി ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലല്ല ജയരാജനെതിരെ കേസ് എടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ഇ.പി ജയരാജനെതിരെ കേസെടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ നയം ഇരട്ട നീതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.

ജയരാജനെതിരേ കേസെടുക്കേണ്ടെന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം നിയമസഭയെ അറിയിക്കുകയായിരുന്നു. പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടെന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എംഎൽഎമാരായ സണ്ണി ജോസഫ്, കെ ബാബു, എ.പി അനിൽകുമാർ, ഉമാ തോമസ് എന്നിവരുടെ ചോദ്യങ്ങൾക്കായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.