ബിബിസി ഡോക്യുമെന്‍ററി: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

Jaihind Webdesk
Friday, February 3, 2023

 

ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിക്ക് ഏർപ്പെടുത്തിയ വിലക്ക് ചോദ്യം ചെയ്തുള്ള ഹർജികളില്‍ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ്. മാധ്യമപ്രവർത്തകൻ എൻ റാം, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര എന്നിവരുടെ സംയുക്ത ഹർജിയും അഭിഭാഷകനായ എം.എൽ ശർമ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചത്. മൂന്നാഴ്ചയ്ക്കുളളില്‍ കേന്ദ്രം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം.എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികള്‍ പരിഗണിച്ചത്. ഡോക്യുമെന്‍ററിയുടെ ലിങ്ക് പ്രചരിപ്പിക്കുന്നത് നിരോധിച്ചതിന്‍റെ യഥാർത്ഥ രേഖകൾ അടുത്ത വാദം കേൾക്കുന്ന ദിവസം കോടതിയിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയുടെ പങ്ക് ആരോപിക്കുന്നതാണ് ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്‍ററി. കലാപത്തിൽ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ബിബിസി ഡോക്യുമെന്‍ററിയിൽ പറയുന്നു. ഐ.ടി നിയമം 2021 പ്രകാരമുള്ള അടിയന്തര വ്യവസ്ഥകൾ ഉപയോഗിച്ച് ജനുവരി 21ന് ബിബിസിഡോക്യുമെന്‍ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ യൂട്യൂബിനോടും ട്വിറ്ററിനോടും കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ ഹർജികൾ സമർപ്പിച്ചത്.

അതേസമയം ഡോക്യുമെന്‍ററി നിരോധിക്കുന്നത് സംബന്ധിച്ച് കേന്ദ്രം ഔദ്യോഗിക ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് ഹർജിക്കാരനായ അഡ്വ. എം.എൽ ശർമ ചൂണ്ടിക്കാട്ടി. ദുരുദ്ദേശപരവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ നടപടിയിലൂടെയാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ഡോക്യുമെന്‍ററിയുടെ ലിങ്ക് നീക്കം ചെയ്‌തതെന്നും എം.എൽ ശർമ ആരോപിച്ചു. കേസ് ഏപ്രിലിൽ വീണ്ടും പരിഗണിക്കും.