സംസ്ഥാനത്ത് പിൻവാതിൽ നിയമന മേള ; ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : രമേശ് ചെന്നിത്തല

 

മലപ്പുറം : സർക്കാരിന്‍റെ വഴിവിട്ട നിയമനങ്ങളിൽ സർക്കാരിനെതിരെ തെളിവുകൾ നിരത്തി ചെന്നിത്തല. സിഡിറ്റിൽ മാത്രം 114 പേരെയാണ് കഴിഞ്ഞ ദിവസം നിയമിച്ചത്. സംസ്ഥാനത്ത് നടക്കുന്നത് പിൻവാതിൽ നിയമന മേളയെന്നും രമേശ്‌ ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു. അനധികൃത നിയമനങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു മലപ്പുറം ജില്ലയിലെ ഐശ്വര്യ കേരള യാത്രയ്‌ക്കിടെ രമേശ് ചെന്നിത്തലയുടെ വാർത്താസമ്മേളനം.

സി.ഡിറ്റില്‍ 114 പേരെയാണ് കഴിഞ്ഞ ദിവസം സ്ഥിരപ്പെടുത്തിയത്. കെല്‍ട്രോള്‍, കില, വ്യവസായ വകുപ്പില്‍ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, മത്സ്യഫെഡ്, മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, സാക്ഷരതാ മിഷന്‍, തുടങ്ങിയ എല്ലായിടത്തും മത്സരിച്ച് സ്ഥിരപ്പെടുത്തല്‍ നടക്കുകയാണ്. യോഗ്യരായവരെ തഴഞ്ഞ് പാര്‍ട്ടി ബന്ധുക്കള്‍ക്കും നേതാക്കളുടെ ബന്ധുക്കള്‍ക്കും നിയമനം നല്‍കുകയാണ്. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എം.ബി രാജേഷിന്‍റെ ഭാര്യയുടെ കാര്യത്തില്‍ നടന്നത്. കണ്ണൂർ സർവകലാശാലയിൽ എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. പിന്നീട് കോഴിക്കോട് സർവകലാശാലയിൽ നിയമനം നേടാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. നേരത്തെ എ.എന്‍ ഷംസീറിന്‍റെ ഭാര്യയെ കണ്ണൂരും കോഴിക്കോട്ടും ചട്ടങ്ങള്‍ ലംഘിച്ച് നിയമിക്കാന്‍ ശ്രമം നടന്നു. കെ.കെ. രാഗേഷിന്‍റെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമനം നല്‍കി. പി.കെ. ബിജുവിന്‍റെ ഭാര്യയ്ക്ക് കേരള സര്‍വ്വകലാശാലയില്‍ നിയമനം നല്‍കിയതും വിവാദമായിരുന്നു. ഈ സര്‍ക്കാര്‍ ജോലി നല്‍കിയത് സ്വപ്നാ സുരേഷിനും അരുണ്‍ ബാലചന്ദ്രനും മറ്റുമാണ്. സ്വര്‍ണ്ണക്കടത്തില്‍ പിടിക്കപ്പെട്ടിരുന്നില്ലെങ്കില്‍ അവരെയും സ്ഥിരപ്പെടുത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ നടത്തിയ നിയമനങ്ങൾ നിയമപരമാണെങ്കിൽ രേഖകൾ പുറത്തുവിടാൻ രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അനധികൃത നിയമനങ്ങൾ പുനഃപരിശോധിക്കുകയും ലിസ്റ്റിൽ ഉൾപ്പെട്ടവരെ നിയമിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും. പി.എസ്.സി നിയമത്തിന് റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികളെടുക്കാൻ കഴിയാവുന്ന വിധത്തിൽ നിയമനിർമ്മാണം നടത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ഉരുണ്ടുകളിക്കുകയാണ്. സുപ്രീം കോടതിയിലെ കേസില്‍ സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് വ്യക്തമായ മറുപടിയില്ല. സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Comments (0)
Add Comment