പിന്‍വാതില്‍ തുറന്നുതന്നെ ; പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച് പിണറായി സർക്കാർ, രണ്ടായിരത്തോളം പേരെ സ്ഥിരപ്പെടുത്താന്‍ തിരക്കിട്ട നീക്കം

Jaihind News Bureau
Thursday, February 11, 2021

 

തിരുവനന്തപുരം : പിന്‍വാതില്‍ നിയമനങ്ങള്‍ക്കും അനധികൃത സ്ഥിരപ്പെടുത്തലുകള്‍ക്കുമെതിരെ സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധം ഉയരുമ്പോഴും സ്ഥിരപ്പെടുത്തല്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ സർക്കാർ തീരുമാനം. പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ ഉള്‍പ്പെടെയുള്ള പ്രതിഷേധത്തെ അവഗണിക്കാനാണ് നീക്കം. രണ്ടായിരത്തോളം പേരെ സ്ഥിരപ്പെടുത്താനായി തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരാന്‍ തീരുമാനിച്ചു.

വിവിധ സ്ഥാപനങ്ങളിൽ 10 വർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്താനും സംസ്ഥാന വ്യാപകമായി ഉയരുന്ന പ്രതിഷേധം അവഗണിക്കാനും ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ധാരണ. ചട്ടപ്രകാരമല്ല സ്ഥിരപ്പെടുത്തലെന്ന് ഫയലിൽ നിയമ, ധനവകുപ്പുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും അത് അവഗണിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഭരണകാലയളവില്‍ എത്രപേരെ സ്ഥിരപ്പെടുത്തിയെന്ന ചോദ്യത്തിന് മറുപടി പറയാനും പിണറായി തയാറായില്ല.

ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സ്ഥിരപ്പെടുത്തല്‍ നടപടികള്‍ വേഗത്തിലാക്കാനാണ് നീക്കം. രണ്ടായിരത്തോളം പേരെ സ്ഥിരപ്പെടുത്താനാണ് നീക്കം നടത്തുന്നത്. ഇതിലേക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മന്ത്രിസഭാ ശുപാർശ തയാറാക്കുന്ന ജീവനക്കാർ ശനിയും ഞായറും ജോലിക്കെത്തണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കത്ത് നൽകിയിട്ടുണ്ട്.

അതേസമയം റാങ്ക് ലിസ്റ്റില്‍ ഇടംനേടിയിട്ടും ജോലി ലഭിക്കാത്തതില്‍ പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികളെ കലാപകാരികളായി ചിത്രീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇവരുടെ കണ്ണീരിന് വില കല്‍പ്പിക്കാതെ ഭരണത്തുടർച്ച ഉണ്ടാവില്ലെന്ന കണക്കുകൂട്ടലില്‍ പാർട്ടി അനുഭാവികളെയും ബന്ധുക്കളെയും വിവിധ തസ്തികകളില്‍ തിരുകിക്കയറ്റുന്ന നടപടിയുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്.