സഖാക്കള്‍ക്കായി പിന്‍വാതില്‍ തുറന്നിട്ട് പിണറായി ഭരണം: കുടുംബശ്രീയുടെ മറവിലും പിന്‍വാതില്‍ നിയമനം; ആർസിസിയില്‍ നിയമിച്ചത് മൂന്നൂറിലധികം പേരെ

Jaihind Webdesk
Thursday, November 17, 2022

 

തിരുവനന്തപുരം: കുടുംബശ്രീയുടെ മറവിലും പിന്‍വാതില്‍ നിയമനം. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്‍ററിൽ മുന്നൂറിലധികം പേരെയാണ് കുടുംബശ്രീ വഴി നിയമിച്ചത്.  നഴ്സിംഗ് അസിസ്റ്റന്‍റ്, ഫാർമസിസ്റ്റ് അടക്കമുള്ള നിർണായക തസ്തികകളിലാണ്  കുടുംബശ്രീ വഴി ആർസിസിയിലേക്ക് താൽക്കാലിക നിയമനങ്ങള്‍ നടത്തിയത്. കുടുംബശ്രീ മുഖേന
സ്വീപ്പർ, ക്ലീനർ തസ്തികകളിലേയ്ക്ക് മാത്രം നിയമനങ്ങൾ നടത്താൻ അനുമതിയുള്ളപ്പോഴാണ്
കുടുംബശ്രീയ്ക്ക് കീഴിൽ കേരള ശ്രീ രൂപീകരിച്ച് പിൻവാതിൽ നിയമനം നടത്തിയത്.

സ്വീപ്പർ, ക്ലീനർ അടക്കമുള്ള തസ്തികകളിലേയ്ക്ക് മാത്രമാണ് കുടുംബശ്രീ മുഖേന നിയമനങ്ങൾ നടത്താൻ അനുമതിയുള്ളത്. എന്നാൽ കുടുംബശ്രീ വഴി ആർസിസിയിൽ നിയമിച്ചവരുടെ പട്ടിക നോക്കുമ്പോൾ ഈ തത്വം ഒക്കെ കാറ്റിൽ പറത്തിയതായിട്ടാണ് കാണാനാകുന്നത്. നഴ്സിംഗ് അസിസ്റ്റന്‍റ്, ഫാർമസിസ്റ്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ സുപ്പർവൈസർ തുടങ്ങി ബയോ മെഡിക്കൽ എന്‍ജിനീയറെ വരെ കുടുംബശ്രീ വഴി ഇവിടെ നിയമിച്ചുണ്ട്. ഇത്തരത്തിൽ സാങ്കേതിക പരിജ്ഞാനം വേണ്ട ജോലികളിലാണ് കൃത്യമായ ഇന്‍റർവ്യൂ പോലും നടത്താതെ കുടുംബശ്രീയിലെ ഒരു യൂണിറ്റ് നിയമനങ്ങൾ നടത്തിയിരിക്കുന്നത്.

കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ കേരളശ്രീ എന്ന പേരിൽ യൂണിറ്റ് രൂപീകരിച്ചായിരുന്നു നിയമനം. മൂന്ന് മുതൽ ആറ് മാസത്തേക്കാണ് നിയമനം നൽകിയിട്ടുള്ളത്. കൊവിഡ് കാലമായതിനാലാണ് നിയമന ചുമതല കുടുംബശ്രീക്ക് നൽകിയതെന്നാണ് ഔദ്യോഗിക വിശദീകരണം. മെഡിക്കൽ കോളേജ് പരിസരത്ത് ഉള്ളവർക്ക് മുൻഗണന നൽകുകയായിരുന്നുവെന്നും കേരളശ്രീ ചുമതല വഹിക്കുന്നവർ വിശദീകരിക്കുന്നു. ഇത്തരം ഉയർന്ന തസ്തികയിലെ നിയമനങ്ങൾ ഇപ്പോഴും കുടുംബശ്രീയ്ക്ക് നൽകുന്നുണ്ട് എന്നതിന്‍റെ തെളിവ് കൂടിയാണ് സംഭവം.

ഇതിന് തെളിവാണ് എസ്എടി ആശുപത്രിയിലെ കൂട്ടിരിപ്പ് കേന്ദ്രത്തിലേക്ക് മാനേജർ തസ്തികയിലടക്കം കുടുംബശ്രീ മുഖേന നിയമനം നടത്താൻ മുൻഗണനാ പട്ടികയ്ക്കായി സിപിഎമ്മിന്‍റെ കോർപറേഷൻ പാർലമെന്‍ററി പാർട്ടി നേതാവായ ഡി.ആർ അനിൽ കത്ത് തയാറാക്കിയത്. ഇത് തമ്മിൽ കൂട്ടി വായിക്കുമ്പോൾ വിവിധ കേന്ദ്രങ്ങളിൽ ഇത്തരത്തിൽ നിയമനങ്ങൾ നടന്നിട്ടുണ്ടെന്ന് വ്യക്തമാവുകയാണ്. പാർട്ടി ബന്ധുക്കളെയും അനുഭാവികളെയും വിവിധ സ്ഥാപനങ്ങളിൽ പിൻവാതിലിലൂടെ നിയമിച്ച് സിപിഎം നേതൃത്വം ഒരു സമാന്തര റിക്രൂട്ട്മെന്‍റ് ഏജൻസിയായി മാറുന്നതിന്‍റെ തെളിവുകളാണ് ഓരോ ദിസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്