വീണ്ടും പിന്‍വാതില്‍ നിയമനം; ധനമന്ത്രിയുടെ കീഴിലുള്ള സ്പാർക്കില്‍ തിരുകിക്കയറ്റിയത് 54 സിപിഎമ്മുകാരെ; യുവജനവഞ്ചന തുടർന്ന് പിണറായി സർക്കാർ

Jaihind Webdesk
Monday, November 14, 2022

 

തിരുവനന്തപുരം: പിൻവാതിൽ നിയമനത്തിൽ കുടുങ്ങി വീണ്ടും സർക്കാർ. ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ കീഴിലുള്ള സ്പാർക്കിൽ ജോലി നൽകിയത് 54 പാർട്ടിക്കാർക്ക്. യോഗ്യതയുള്ള 30 ലക്ഷം പേർ എംപ്ലോയ്‌മെന്‍റിൽ പേര് രജിസ്റ്റർ ചെയ്ത് ജോലിക്കായി കാത്തിരിക്കുമ്പോഴാണ് സർക്കാരിന്‍റെ പാർട്ടിക്കാരെ പിന്‍വാതില്‍ വഴി തിരുകിക്കയറ്റുന്ന നടപടി തുടരുന്നത്.

54 പാർട്ടിക്കാർക്കാണ് സ്പാർക്കില്‍ ജോലി നൽകിയിരിക്കുന്നത്. ഇവരുടെ ഒരു വർഷത്തെ ശമ്പളത്തിനായി സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത് 2 കോടിയോളം രൂപയാണ്. ഈ ഉദ്യോഗാർത്ഥികളുടെ നിയമനങ്ങൾ നടത്തിയിരിക്കുന്നത് എംപ്ലോയ്‌മെന്‍റ് മുഖേനയല്ല. സിപിഎമ്മിന്‍റെ ഉന്നത നേതാക്കളുടെ ശുപാർശ അനുസരിച്ചാണ് 54 സിപിഎം പ്രവർത്തകർക്ക് ജോലി നൽകിയിട്ടുള്ളത്.

മുൻ ധനമന്ത്രി തോമസ്‌ ഐസക്കിന്‍റെ കാലത്ത് നിയമിച്ച കുറച്ചുപേരും സ്പാർക്കിൽ തുടരുന്നുണ്ട്. യോഗ്യതയുള്ളവർ തൊഴിലിനായി കാത്തിരിക്കുമ്പോഴാണ് ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ നേതൃത്വത്തിൽ കൂട്ട പിൻവാതിൽ നിയമനം നടത്തിയത്. സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം,സ്ഥലം മാറ്റം, സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങളെല്ലാം രേഖപ്പെടുത്തുന്നത് സ്പാർക്ക് സോഫ്റ്റ്‌വെയറിലാണ്.

54 താത്കാലിക ജീവനക്കാരിൽ 43 പേരെ മാസ്റ്റർ ട്രെയിനേഴ്‌സ്, 3 പേരെ സെക്യൂരിറ്റി, ഒരാളെ ഓഫീസ് അറ്റൻഡന്‍റ്, 2 പേരെ സിസ്റ്റം അഡ്മിൻ എന്നീ തസ്തികയിലേക്കാണ് നിയമിച്ചിട്ടുള്ളത്. എംസിഎ, ബിടെക്, എംടെക്, യോഗ്യതയുള്ളവർ പ്രൊഫഷണൽ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് സർക്കാര്‍ തൊഴില്‍ തേടുന്ന ചെറുപ്പക്കാരെ വഞ്ചിക്കുന്ന പിൻവാതിൽ നിയമനങ്ങള്‍ അനുസ്യൂതം തുടരുന്നത്.