പിന്‍വാതില്‍ നിയമനം “കേപ്പ്”ലും; മുൻ ഇടത് സംഘടനനേതാവിന് വേണ്ടി ഡയറക്ടറുടെ യോഗ്യത ഇളവ് ചെയ്തു

Jaihind Webdesk
Wednesday, December 21, 2022

തിരുവനന്തപുരം: മുൻ ഇടത് സംഘടനനേതാവിന് വേണ്ടി കേപ്പ് (കോപ്പറേറ്റീവ് അക്കാഡമി ഫോർ പ്രൊഫഷണൽ എഡ്യൂക്കേഷൻ) ഡയറക്ടറുടെ യോഗ്യത ഇളവ് ചെയ്തു. സംസ്ഥാന സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേപ്പിന്‍റെ (CAPE)  ഡയറക്ടറായി മുൻ ഇടത് അധ്യാപക സംഘടനാ നേതാവിനെ യോഗ്യതകളിൽ ഇളവു വരുത്തി നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായാണ് തീരുമാനിച്ചത്. തൃശൂർ എൻജിനീയറിങ് കോളേജിൽ പ്രൊഫസർ ഗ്രേഡിൽ സർവീസിൽ നിന്ന് വിരമിച്ച വി. ഐ.താജുദീൻ അഹമ്മദിനാണ് ഡയറക്ടർ ആയി നിയമനം നൽകിയിട്ടുള്ളത്. സഹകരണ മന്ത്രി മുൻകൈയ്യെടുത്താണ് യോഗ്യത ഇല്ലാത്ത ആളെ ഡയറക്ടർ സ്ഥാനത്ത് നിയമിച്ചത്.

ആദ്യമായാണ് ഡയറക്ടർ ആയി പ്രിൻസിപ്പൽ അല്ലാത്ത ഒരാളെ നിയമിക്കുന്നത്. എൻജിനീയറിങ് കോളേജ്/ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് തത്തുല്യമായ യോഗ്യതയും, പ്രിൻസിപ്പലായി അഞ്ച് വർഷത്തെ ഭരണ പരിചയവുമാണ് ഡയറക്ടർക്കുള്ള യോഗ്യതയായി സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. പ്രൊഫസ്സർ തസ്തിക മാത്രമാണ് വി. ഐ.താജുദീൻ അഹമ്മദിനുള്ളത്. നിർദ്ദിഷ്ട ഭരണപരിചയം പോലുമില്ല. എൻജിനീറിങ് കോളേജ് പ്രിൻസിപ്പൽമാരുടെ തലപ്പത്ത് ഡയറക്ടറായി സീനിയർ പ്രിൻസിപ്പൽ മാരെയാണ് നാളിതുവരെ നിയമിച്ചിട്ടുള്ളത്.

അതേസമയം ഡയറക്ടറുടെ യോഗ്യതകളിൽ ഇളവ് വരുത്തി, പ്രിൻസിപ്പൽ അല്ലാത്ത ഒരാളെ ഡയറക്ടറായി നിയമിക്കുന്നത് എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയുടെ അക്കാദമിക് പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും, മന്ത്രിസഭാ തീരുമാനം പുനരിശോധിക്കണമെന്നും പ്രിൻസിപ്പൽമാരിൽ നിന്നും നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

കേപ്പിന്‍റെ കീഴിൽ സംസ്ഥാനത്ത് 9 എൻജിനിയർ കോളേജുകളും ഒരു എംബിഎ കോളേജും, ഒരു ഫിനിഷിങ് സ്കൂളും, പുന്നപ്രയിൽ ഒരു ഹോസ്പിറ്റലുമാണ് പ്രവർത്തിക്കുന്നത്.