ആസാദ് കശ്മീർ പരാമർശം: ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി കെ.ടി ജലീല്‍ തിരിച്ചെത്തി

Jaihind Webdesk
Sunday, August 14, 2022

തിരുവനന്തപുരം: ആസാദ് കശ്മീർ പരാമർശത്തെ തുടർന്ന് വിവാദത്തിലായ കെ.ടി ജലീൽ എംഎല്‍എ ഡൽഹിയിലെ ഇന്നത്തെ പരിപാടികൾ റദ്ദാക്കി കേരളത്തിലെത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ ഇത് മാറ്റി യാത്ര പുലർച്ചെ മൂന്ന് മണിയിലേക്ക് മാറ്റുകയായിരുന്നു. നോർക്കയുടെ പരിപാടിയിൽ ഇന്ന് പങ്കെടുക്കേണ്ടതായിരുന്നു.

കശ്മീർ പരാമർശത്തിൽ ജലീലിനെതിരെ ഡൽഹി പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഡല്‍ഹി തിലക് മാ‍ർഗ് പോലീസ് സ്റ്റേഷനിൽ ബിജെപി അനുകൂലിയായ അഭിഭാഷകൻ ജലീലിനെതിരെ പരാതി നൽകിയിരുന്നു. രാജ്യദ്രോഹത്തിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത കൂടി മുന്നിൽ കണ്ടാണ് പുലർച്ചെ തന്നെ എംഎൽഎ കേരളത്തിലേക്ക് മടങ്ങിയതെന്നും വിലയിരുത്തലുണ്ട്.

അതേസമയം ജലീൽ പാർട്ടിക്കും സ‍ർക്കാരിനും നിരന്തരമായി തലവേദനയുണ്ടാക്കുന്നു എന്നാണ് വിലയിരുത്തൽ. മന്ത്രിമാരായ എംവി ഗോവിന്ദനും പി രാജീവും വിഷയത്തില്‍ എതിർപ്പ് അറിയിച്ചു. വിവാദ പോസ്റ്റ് പിന്‍വലിച്ചെങ്കിലും തിരുത്താന്‍ ജലീല്‍  തയാറായിട്ടില്ല. സഹകരണ ബാങ്ക് വിഷയത്തിലും യുഎഇ കോൺസുലേറ്റ് ജനറലിന് കത്തയച്ച വിഷയത്തിലും കെ.ടി ജലീലിന് സംരക്ഷണമൊരുക്കുകയാണ് മുഖ്യമന്ത്രിയും സിപിഎമ്മും ചെയ്തത്. പ്രതിപക്ഷ നേതാവും ഗവർണറും ഉള്‍പ്പെടെയുള്ളവര്‍ ജലീലിന്‍റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയതോടെ മുഖ്യമന്ത്രിയും പാർട്ടിയും എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്.