ബൈക്കിലെത്തി മാല മോഷ്ടിക്കാൻ ശ്രമം; പ്രതിയുടെ ഷർട്ടില്‍ പിടിച്ച് വലിച്ച് യുവതി, പോലീസിന് കെെമാറി

Jaihind Webdesk
Sunday, June 2, 2024

 

തിരുവനന്തപുരം: ബൈക്കിലെത്തി മാല മോഷ്ടിക്കാൻ ശ്രമിച്ച പ്രതിയെ യുവതിയും നാട്ടുകാരും ചേർന്ന് പിടികൂടി. ചന്തവിള സ്വദേശി അനിൽകുമാറിനെയാണ് പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്. പ്രതിയെ പിടികൂടുന്നതിനിടെ നിലത്ത് വീണ് യുവതിക്ക് പരിക്കേറ്റു. പേരുത്തല സ്വദേശിനി അശ്വതിക്കാണ് പരിക്കേറ്റത്.

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നു വാങ്ങി തിരികെ പോവുകയായിരുന്ന അശ്വതിയുടെ കഴുത്തിലുണ്ടായിരുന്ന മാലയാണ് ബൈക്കിലെത്തിയ പ്രതി പൊട്ടിക്കാൻ ശ്രമിച്ചത്. മൂന്ന് പവനുണ്ടായിരുന്ന മാലയുടെ ഒരു കഷ്ണം പ്രതി കൈക്കലാക്കി.  മാല പൊട്ടിക്കുന്നതിടെ യുവതി അനിൽ കുമാറിന്‍റെ ഷർട്ടിൽ പിടിച്ചു വലിച്ചു. ബൈക്കിൽ നിന്ന് റോഡിൽ വീണ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. മോഷ്ടിച്ച ബൈക്കിലെത്തിയാണ് പ്രതി മാല മോഷ്ടിക്കാൻ ശ്രമം നടത്തിയത്.