പ്രതിപക്ഷ നേതാക്കന്മാരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം ; ഡി.ജി.പി സർക്കാരിനുവേണ്ടി വഴിവിട്ട് പ്രവര്‍ത്തിക്കുന്നെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Monday, November 2, 2020

തിരുവനന്തപുരം : ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അഞ്ചാം പ്രതിയാണെങ്കില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഏജന്‍സിയായ വിജിലന്‍സ് തന്നെ ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയെങ്കില്‍ പിന്നെ എന്തിനാണ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

അതേസമയം പ്രതിപക്ഷ നേതാക്കന്മാരെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമാണ് ഇപ്പോള്‍ സര്‍ക്കാരും പൊലീസും ചേര്‍ന്ന് നടപ്പാക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്‍റെ അഴിമതിയും കൊള്ളയും ചൂണ്ടിക്കാണിക്കുന്ന എം.എല്‍.എമാര്‍ക്കെതിരെ ഡി.ജി.പി കള്ളക്കേസെടുക്കുകയാണ് ചെയ്യുന്നത്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഡി.ജി.പിക്കെതിരെ ഒരു കമ്മീഷനെ വെച്ച് അന്വേഷണം നടത്തുകയാകും ആദ്യം ചെയ്യുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിന് വേണ്ടി ഡി.ജി.പി വഴിവിട്ട് പ്രവര്‍ത്തിക്കുന്നു. പര്‍ച്ചേസിലൂടെ കോടിക്കണക്കിന് അഴിമതി നടത്തുന്ന ഡി.ജി.പി ലോക്നാഥ് ബെഹറയെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയാണെന്നും കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അഴിമതിക്കാരനായ ഡി.ജി.പിയാണ് സംസ്ഥാനത്ത് ഉള്ളതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.