അട്ടപ്പാടി മധു വധക്കേസ്; 12 പ്രതികളുടെ ജാമ്യം റദ്ദാക്കി

Jaihind Webdesk
Saturday, August 20, 2022

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി. മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതിയുടേതാണ് ഉത്തരവ്. പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ നൽകിയ ഹർജിയിലാണ് കോടതി നടപടി.

അട്ടപ്പാടി മധു വധക്കേസിൽ നിബന്ധനകളോടെയാണ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ കേസിൽ പിന്നീട് സാക്ഷികൾ കൂട്ടത്തോടെ കൂറുമാറുന്ന സാഹചര്യമുണ്ടായി. കോടതിയിൽ രഹസ്യമൊഴി നൽകിയ സാക്ഷി ഉൾപ്പെടെ 11 പേർ കൂറുമാറി. പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നതായി മധുവിന്‍റെ കുടുംബം ആരോപിച്ചിരുന്നു. തുടർന്നാണ് പ്രോസിക്യൂഷൻ മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതിയെ സമീപിച്ചത്. ഹൈക്കോടതി നിർദേശിച്ച ജാമ്വ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. 16 പ്രതികളിൽ 12 പേരുടെ ജാമ്യം റദ്ദാക്കി കോടതി ഉത്തരവിട്ടു.

2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. ജൂൺ 8ന് കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറുമാറിയിരുന്നു. പ്രോസിക്യൂഷന്‍റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിന്‍റെ അമ്മയും സഹോദരിയും രംഗത്തെത്തി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പ്രോസിക്യൂട്ടറെ മാറ്റുന്നതുവരെ വിചാരണ നിർത്തിവെക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതിയെ സമീപിക്കാൻ വിചാരണ കോടതി നിർദേശിച്ചു. ഇതേത്തുടർന്ന് മധുവിന്‍റെ അമ്മ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു.