ദിലീപിന്‍റെ ഹർജി തള്ളി; തുടരന്വേഷണത്തിന് ഹൈക്കോടതി അനുമതി

Jaihind Webdesk
Tuesday, March 8, 2022

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണം റദ്ദാക്കണമെന്ന നടൻ ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളി. തുടരന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഏപ്രിൽ 15നകം അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി.

കേസിൽ തുടരന്വേഷണവുമായി ക്രൈം ബ്രാഞ്ചിന് മുന്നോട്ടുപോകാമെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വിധിന്യായത്തില്‍ പറഞ്ഞു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കേസന്വേഷണത്തോട് ദിലീപ് പൂര്‍ണമായും സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. തനിക്കെതിരായി കേസില്‍ തെളിവില്ലെന്നും അന്വേഷണ സംഘം തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി. കേസില്‍ കുറ്റക്കാരനല്ലെന്ന് വിശ്വാസമില്ലെങ്കില്‍ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് കോടതി ചോദിച്ചു.

തുടരന്വേഷണം ഇപ്പോള്‍ അന്തിമഘട്ടത്തിലാണെന്നും ഇത് പൂര്‍ത്തീകരിക്കാന്‍ മൂന്ന് മാസം അനുവദിക്കണമെന്നുമാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത്. എന്നാല്‍ മൂന്ന് മാസം എന്നത് അംഗീകരിച്ചില്ലെങ്കിലും ഒരു മാസം അനുവദിക്കാന്‍ കോടതി തയാറാവുകയായിരുന്നു. ഇരയായ നടിയും തുടരന്വേഷണം റദ്ദാക്കരുതെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ദിലീപിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലും അന്വേഷണ സംഘത്തിന് മുന്നില്‍ ദിലീപിന് ഹാജരാകേണ്ടി വരും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയോടെ അന്വേഷിക്കാന്‍ കോടതി ഇടപെല്‍ ക്രൈം ബ്രാഞ്ചിന് സഹായകരമാകും.