സഭാ സമ്മേളനം വെട്ടിച്ചുരുക്കി തടിതപ്പി സർക്കാർ; പ്രതിപക്ഷ ചോദ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടം

Jaihind Webdesk
Tuesday, March 21, 2023

 

തിരുവനന്തപുരം: വിവാദങ്ങളും പ്രതിഷേധങ്ങളും ഉടനീളം അലയടിച്ച ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തിയതോടെ സമ്മേളനം വെട്ടിച്ചുരുക്കി സർക്കാർ താല്‍ക്കാലികമായി തടിയൂരി. അനിശ്ചിതത്വങ്ങളും സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളും നിറഞ്ഞ നിയമസഭാ സമ്മേളനത്തിനാണ് ഇന്ന് അവസാനമായത്. സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷവും നിയമസഭാ കവാടത്തിലേയും നടുത്തളത്തിലേയും സത്യഗ്രഹ സമരവും സഭയെ ഇക്കുറി കലുഷിതമാക്കി.

സർക്കാർ  – ഗവർണർ പോരുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഫെബ്രുവരി 23ന് ബജറ്റ് സമ്മേളനം ആരംഭിച്ചത്. സംസ്ഥാനത്തിന്‍റെ പരിതാപകരമായ സാമ്പത്തികസ്ഥിതിക്ക് കേന്ദ്രനയങ്ങൾ തടസമാകുമ്പോഴും പരിമിതമായ കേന്ദ്ര വിമർശനം മാത്രം ഉൾക്കൊള്ളിച്ച നയപ്രഖ്യാപന പ്രസംഗം തന്നെ വലിയ വിമർശനമുയർത്തിയിരുന്നു. പിന്നാലെ ബജറ്റിലെ അന്യായ നികുതി നിര്‍ദേശങ്ങള്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സമര പോരാട്ടങൾക്ക് വഴി തുറന്നു. സർക്കാരിന്‍റെ നികുതി കൊള്ളക്കെതിരെ സഭയ്ക്കുള്ളിലും പുറത്തും പ്രതിപക്ഷ പ്രതിഷേധങ്ങൾ അലയടിച്ചു. സഭ കവാടത്തില്‍ നാല് പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹം ആരംഭിച്ചതോടെ സഭ തല്‍ക്കാലത്തേക്ക് സർക്കാർ നിർത്തിവെച്ചു. പിന്നീട് സമ്മേളനം വീണ്ടും തുടങ്ങിയപ്പോഴും സഭയിലെ സാഹചര്യങ്ങള്‍ മാറിയില്ല. ഭരണ-പ്രതിപക്ഷ പോര് തുറന്ന പോരാട്ടമായി മാറി.

പ്രതിപക്ഷ വിമർശനങ്ങളെ ഭയന്ന് ചരിത്രത്തിലാദ്യമായി ഭരണപക്ഷം തന്നെ സഭ സ്തംഭിപ്പിക്കുന്ന കാഴ്ചയും ഈ സമ്മേളനത്തില്‍ അരങ്ങേറി. നടുത്തളത്തിനടുത്തെത്തി പ്രതിപക്ഷത്തെ നേരിടാന്‍ തുനിഞ്ഞ ഭരണപക്ഷ അംഗങ്ങള്‍ക്ക് സ്പീക്കറുടെ പേരെടുത്തു പറഞ്ഞുള്ള താക്കീത് ലഭിച്ചതോടെ സ്പീക്കർക്കെതിരെ മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചു. ഇതോടെ സ്പീക്കർ നിഷ്പക്ഷത വെടിഞ്ഞ് തങ്ങളുടെഅവകാശങ്ങൾ ഹനിക്കുന്ന സർക്കാർ നിലപാടുകൾ കർശനമാക്കുന്നതായ പരാതി പ്രതിപക്ഷം ശക്തമാക്കി. ബ്രഹ്മപുരം മാലിന്യകേന്ദ്രത്തിലെ തീപിടിത്തമാണ് പിന്നീട് ഭരണ-പ്രതിപക്ഷ പോര് പാരമ്യത്തില്‍ എത്തിച്ചത്. തുടര്‍ച്ചയായി പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസുകള്‍ പോലും പരിഗണിക്കാതെ സര്‍ക്കാരിന്‍റെ അസാധാരണ നീക്കം തുടർക്കഥയായി. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിൽ ഷാഫി പറമ്പില്‍ അടുത്ത തവണ തെരഞ്ഞെടുപ്പിൽ തോല്‍ക്കുമെന്ന സ്പീക്കറുടെ വാക്കുകൾ സഭയെ ഇളക്കിമറിച്ചു. പിന്നീട് സ്പീക്കർ പരാമർശം പിൻവലിച്ച് ഖേദപ്രകടനം നടത്തി.

സ്പീക്കറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച എംഎൽ എമാരെ വാച്ച് ആന്‍റ് വാർഡും ഭരണകക്ഷി എംഎൽഎമാരും ചേർന്നു മർദ്ദിച്ചതും കള്ളക്കേസുമൊക്കെ വലിയ പ്രതിഷേധങ്ങളിലേക്കാണ് സഭയെ എത്തിച്ചത്. ഒടുവില്‍ സഭാതളത്തില്‍ അനിശ്ചിത കാല സത്യഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം നിലപാട് ശക്തമാക്കിയതോടെയാണ് 30 വരെ ചേരാനിരുന്ന സഭാ സമ്മേളനം ഗില്ലറ്റിനിലൂടെ വെട്ടിച്ചുരുക്കി സര്‍ക്കാർ ഒളിച്ചോടിയത്. സഭാസമ്മേളനം അവസാനിച്ചെങ്കിലും സര്‍ക്കാര്‍-പ്രതിപക്ഷ പോരിന് ആധാരമായ പ്രശ്‌നങ്ങള്‍ അതേപടി നിലനില്‍ക്കുകയാണ്. സഭയ്ക്കു പുറത്തും വരും ദിവസങ്ങളിൽ ഇതിന്‍റെ അലയൊലികള്‍ ഉയരുമെന്ന് ഉറപ്പാണ്.