നിയമസഭാ തെരഞ്ഞെടുപ്പ് : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം 21 ന് എത്തും

Jaihind News Bureau
Saturday, January 9, 2021

teeka ram meena

തിരുവനന്തപുരം : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ജനുവരി 21 ന് സംസ്ഥാനത്തെത്തും. വിവിധ രാഷ്ട്രീയ കക്ഷികളുമായി സംഘം ചർച്ച നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാ റാം മീണ. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഡി.ജി.പിയെ മാറ്റണമോ എന്നത് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ടീക്കാ റാം മീണ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുമായി ചർച്ചകൾ നടത്താനായാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സംഘം സംസ്ഥാനത്ത് എത്തുന്നത്. 21ന് തലസ്ഥാനത്തും 22 ന് രാവിലെ കണ്ണൂരിലും ഉച്ചയ്ക്ക് എറണാകുളത്തും ചർച്ചകൾ നടക്കുമെന്ന് ടീക്കാ റാം മീണ പറഞ്ഞു.

ഒരേ പദവിയിൽ മൂന്ന് വർഷമായ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥലം മാറ്റണമെന്നായിരുന്നു കമ്മിഷന്‍റെ നിർദേശം. ഐ.ജി വരെയുള്ള ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ബാധകമാണ്. ഡി.ജി.പിക്ക് സ്ഥലംമാറ്റം ബാധകമല്ലെന്നും ഈ വിഷയത്തിൽ അന്തിമ തീരുമാനം ചർച്ചചെയ്ത് സ്വീകരിക്കുമെന്നും ടീക്കാ റാം മീണ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിലെ പോസ്റ്റൽ ബാലറ്റ് വിതരണത്തിൽ ചില കളക്ടർമാർ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരം പരാതികൾ പരിശോധിച്ച് വേണ്ട ക്രമീകരണം നടത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാ റാം മീണ പറഞ്ഞു.