സംസ്ഥാനത്ത് യുഡിഎഫിന് മുന്‍തൂക്കം ; 102 സീറ്റ് വരെ നേടും : കേന്ദ്ര ഇന്‍റലിജന്‍സ്‌ റിപ്പോര്‍ട്ട്

Jaihind Webdesk
Friday, April 2, 2021

 

തിരുവനന്തപുരം : സംസ്ഥാന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം പ്രവചിച്ച് കേന്ദ്ര ഇന്‍റലിജന്‍സ് റിപ്പോർട്ട്. യു.ഡി.എഫിന്‌ 92 മുതല്‍ 102 സീറ്റുകള്‍വരെ പ്രവചിക്കുന്ന റിപ്പോര്‍ട്ടില്‍ ബി.ജെ.പിക്ക്‌ പരമാവധി നേടാന്‍ കഴിയുന്നത്‌ രണ്ട്‌ സീറ്റുകള്‍ വരെയാണെന്നും വ്യക്‌തമാക്കുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏഴ്‌ മന്ത്രിമാര്‍ പരാജയപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ പുറത്തുവന്ന സംസ്‌ഥാന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിനോട്‌ ഏറെകുറെ സമാനമാണിത്‌. കേന്ദ്ര ഇന്‍റലിജന്‍സ് തെരഞ്ഞെടുപ്പ് സംബന്ധിച്ച്  3 അന്വേഷണങ്ങളാണ് നടത്തിയത്. ആദ്യഘട്ടങ്ങളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം പ്രവചിച്ചെങ്കിലും സ്ഥാനാർത്ഥി നിർണ്ണയം കഴിഞ്ഞതോടെ കാര്യങ്ങള്‍ യുഡിഎഫിന് അനുകൂലമായി മാറി. ഒന്നരയാഴ്‌ച്ച മുമ്പ്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ യു.ഡി.എഫിന്‌ 75-84 സീറ്റുകള്‍ വരെ ലഭിക്കുമെന്ന്‌ പറയുന്നു. സംസ്‌ഥാന ഇന്‍റലിജന്‍സ്‌ റിപ്പോര്‍ട്ടിലും ഇതാണ്‌ വ്യക്‌തമാക്കിയിരുന്നത്‌. ഓരോ ദിവസം കഴിയും തോറും യു.ഡി.എഫിന്‍റെ സാധ്യതകള്‍ വര്‍ദ്ധിച്ചുവന്നതായി പുതിയ റിപ്പോര്‍ട്ട്‌ വിലയിരുത്തുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുകൊണ്ടു വരുന്ന അഴിമതികളെല്ലാം ഇടത് സർക്കാരെനെ ജനങ്ങളില്‍ നിന്നകറ്റുകയാണ്. അതിന്‍റെ തെളിവാണ് ഇപ്പോള്‍ പുറത്തു വരുന്ന സർവേ ഫലങ്ങള്‍. സ്‌പ്രിങ്ക്ളര്‍, ലൈഫ്‌ മിഷന്‍ ഭവന നിര്‍മ്മാണ അഴിമതി, കിഫ്‌ബി തുടങ്ങിയ വിവിധ വിഷയങ്ങള്‍ യു.ഡി.എഫ്‌ ഉയര്‍ത്തിയെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്‌ ആഴക്കടല്‍ മത്സ്യബന്ധന വിഷയമാണെന്നും കണ്ടെത്തല്‍. കോവിഡ്‌ മഹാമാരിയെ നേരിട്ട രീതിയും കിറ്റ്‌ വിതരണവും ബി.ജെ.പിക്ക്‌ ഉണ്ടായ വളര്‍ച്ചയും എല്‍.ഡി.എഫിനെ കാര്യമായി തുണച്ചുവെന്നും റിപ്പോര്‍ട്ട്‌ വിലയിരുത്തുന്നു.