ഗവർണർക്കെതിരെ സിപിഎം മുഖപത്രത്തിൽ ലേഖനം. ഗവർണർ ആരിഫ് മുഹമദ് ഖാന്റെ പ്രസ്താവനകൾ പദവികൾ തിരിച്ചറിയാത്ത വിധമാണെന്നും, സർക്കാരുമായുള്ള തെറ്റിദ്ധാരണ വിവാദമാക്കുന്നു. ഗവർണർ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ചല്ല പ്രവർത്തിക്കേണ്ടതെന്നും മുഖ പ്രസംഗത്തിൽ പറയുന്നു.
സംസ്ഥാനത്തെ അധികാരത്തിന്റെ കാര്യത്തിൽ താൻ ഒരുപടി മുകളിലാണെന്ന അവകാശവാദം നടത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചുകൊണ്ടാണ് സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യിലെ മുഖപ്രസംഗത്തിൽ അദ്ദേഹത്തെ വിമർശിക്കുന്നത്.
ഗവർണർ പദവിയുടെ വലിപ്പം തിരിച്ചറിയാത്തവിധം രാഷ്ട്രീയ പ്രസ്താവങ്ങൾ നടത്തിയെന്നും സർക്കാരുമായുണ്ടായ തെറ്റിദ്ധാരണ ഗവർണർ വിവാദമാക്കുകയുമാണെന്നും മുഖ പ്രസംഗത്തിൽ പറയുന്നു. രാഷ്ട്രീയ നിയമനമായ ഗവർണർ സ്ഥാനവും തെരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെ സംസ്ഥാനത്തിൻറെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചുപോയതാണെന്നും മുഖപ്രസംഗം പരിഹസിക്കുന്നുണ്ട്. ഗവർണറെ അറിയിക്കാതെ സുപ്രീംകോടതിയിൽ സ്യൂട്ട് നൽകിയതിനെ ഗവർണർ ചോദ്യം ചെയ്തിരുന്നു.
എന്നാൽ സർക്കാരിൻറെ എല്ലാ തീരുമാനവും ഗവർണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. മന്ത്രിസഭാ തീരുമാനങ്ങൾ അറിയിക്കാനുള്ള ഭരണഘടനാ ബാധ്യത മാത്രമേ മുഖ്യമന്ത്രിക്കുള്ളൂ. ഗവർണർക്ക് സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനേ കഴിയില്ലെന്നും എഡിറ്റോഡിയൽ പറയുന്നു.
മുഖപ്രസംഗത്തിന്റെ പൂർണരൂപം :
തിരുവനന്തപുരത്തും ഡൽഹിയിലും മാധ്യമങ്ങളെ കണ്ട ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പദവിയുടെ വലുപ്പം തിരിച്ചറിയാത്തവിധമാണ് രാഷ്ട്രീയ പ്രസ്താവങ്ങൾ നടത്തിയത്. സംസ്ഥാന സർക്കാരുമായുണ്ടായ തെറ്റിദ്ധാരണ വിവാദമാക്കുകയുമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളിലെ കേരളത്തിന്റെ പങ്കാളിത്തത്തിൽ ക്ഷുഭിതനായ ഖാൻ സംസ്ഥാനത്തിനെതിരെ കടുത്ത ഭാഷയിലാണ് ഭീഷണി മുഴക്കുന്നതും. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കുപരി ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടന വിഭാവനം ചെയ്യുംവിധമാണ്. രാഷ്ട്രീയ നിയമനമായ ഗവർണർ സ്ഥാനവും തെരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചുപോയി.
മോഡി ഗവൺമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുക മാത്രമല്ല, നിയമപരമായും സമരമുഖം തുറന്നിരിക്കയാണ്. കേന്ദ്ര തീരുമാനത്തിന്റെ ഭരണഘടനാ സാധുതയെ അനുച്ഛേദം 131 അനുസരിച്ച് ചോദ്യംചെയ്യാനും മുന്നിട്ടിറങ്ങി. അത് തന്നോട് ആലോചിക്കാതെയാണെന്ന വിമർശനമാണ് ഗവർണർ പ്രകടിപ്പിച്ചത്. സംസ്ഥാനത്തിന് സ്വതന്ത്രമായ ഒരു അധികാരവുമില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങൾക്കുപോലും ഗവർണറുടെ അനുമതിക്ക് കാത്തുനിൽക്കണം എന്നുമുള്ള കീഴ്വഴക്കം ഉറപ്പിക്കാനാണ് ശ്രമം. ആരും ഭരണഘടനയ്ക്ക് അതീതരല്ലെന്നാണ് ഗവർണർ ആവർത്തിക്കുന്നത്. കാരണമായി ചൂണ്ടുന്നത് ഗവർണറെ അറിയിക്കാതെ സുപ്രീംകോടതിയിൽ സ്യൂട്ട് നൽകിയതാണ്. സർക്കാരിന്റെ എല്ലാ തീരുമാനവും ഗവർണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. അനുച്ഛേദം 167ൽ ഇക്കാര്യം വ്യക്തം. ഗവർണർക്ക് വിവരം നൽകുന്നതിൽ മുഖ്യമന്ത്രിയുടെ കർത്തവ്യങ്ങളാണ് അതിൽ വിശദീകരിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങൾ അറിയിക്കാനുള്ള ഭരണഘടനാ ബാധ്യത മാത്രമേ മുഖ്യമന്ത്രിക്കുള്ളൂ. ദൈനംദിന തീരുമാനങ്ങൾ അറിയിക്കണമെന്ന് ഭരണഘടന നിഷ്കർഷിക്കുന്നില്ല. 2016 ജൂലൈ 13ലെ ജഗദീഷ്സിങ് ഗേൽഹർ നേതൃത്വം നൽകിയ സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ വിധി നിർണായകമാണ്. അരുണാചൽ എംഎൽഎമാരുടെ അയോഗ്യതയുമായി ബന്ധപ്പെട്ട കേസിലെ വിധികൂടി നോക്കണം. ഗവർണർക്ക് ഭരണഘടന നൽകുന്ന അധികാരങ്ങളേ ഉള്ളൂവെന്ന് അതിൽ കൃത്യമായി പറഞ്ഞു. അതായത് ഗവർണർക്ക് സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനേ കഴിയില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സഭാപ്രമേയം നിയമപരമാണ്. ചട്ടങ്ങളും കീഴ്വഴക്കങ്ങളും അനുസരിച്ചാണ് അത് പാസാക്കിയതും. പ്രമേയം പാസാക്കുംമുമ്പ് ഗവർണറെ അറിയിക്കണമെന്നില്ല.
തദ്ദേശസ്ഥാപനങ്ങളിലെ വാർഡുവിഭജനം പുനർക്രമീകരിക്കാനുള്ള ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭായോഗം ഗവർണറോട് ആവശ്യപ്പെട്ടത് ജനുവരി മൂന്നിനാണ്. സഭ ചേരാൻ സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല. സഭ വിളിക്കുകയാണെങ്കിൽ ഗവർണറെ വിവരം അറിയിക്കും. അതിനുമുമ്പ് സമ്മേളനം വരാനുണ്ടെന്ന് എങ്ങനെ പറയാനാകും. ഭരണഘടനയുടെ അനുച്ഛേദം 208 പ്രകാരം രൂപീകരിക്കപ്പെട്ട ചട്ടങ്ങൾക്ക് അനുസൃതമായാണ് സഭാ നടപടിക്രമങ്ങളും കാര്യനിർവഹണവും. അവയ്ക്ക് ഗവർണറുടെ അനുമതിയോ അംഗീകാരമോ വേണ്ട. അതിൽ സഭയുടെ പൂർണാധികാരം ഭരണഘടന അംഗീകരിച്ചതാണ്. സഭാ നടപടികളുടെ സാധുത കോടതിയിൽപ്പോലും ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്നും അനുച്ഛേദം 212 അനുശാസിക്കുന്നു.
നിയമസഭയുടെ നടപടിക്രമവും കാര്യനിർവഹണവും സംബന്ധിച്ച ചട്ടങ്ങളിലെ അധ്യായം 16 ചട്ടം 121 പ്രകാരം അവതരിപ്പിക്കപ്പെടുന്ന പ്രമേയത്തിന്റെ സ്വീകാര്യ യോഗ്യത തീരുമാനിക്കേണ്ടത് സ്പീക്കറാണ്. നിയമ നിർമാണാധികാരവും പ്രമേയം പാസാക്കാനുള്ള അധികാരവും തികച്ചും വ്യത്യസ്തം. സ്പീക്കർ അവതരണാനുമതി നൽകുകയും സഭ ഏകകണ്ഠമായി പാസാക്കുകയും ചെയ്ത പ്രമേയത്തിന്റെ നിയമ ‐ ഭരണഘടനാ സാധുതകൾ സംബന്ധിച്ച പരാമർശങ്ങൾ ഗവർണറുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് അനൗചിത്യവും. കേരള ജനതയുടെ വികാരം പ്രതിഫലിപ്പിക്കുന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാൻ സഭയോട് ഉത്തരവാദിത്തം പുലർത്തുന്ന സർക്കാരിന് ബാധ്യതയുണ്ട്. അത് നിറവേറ്റുന്നതിനാണ് പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അനുച്ഛേദം 131 അനുസരിച്ചുള്ള സ്യൂട്ട് ഫയൽ ചെയ്തത്. അത് ഗവർണറെ അറിയിച്ചില്ലെന്ന വിമർശനത്തിൽ കഴമ്പില്ല. ഭരണഘടനയുടെ അനുച്ഛേദം 167 മുഖ്യമന്ത്രി ഗവർണർക്കു നൽകേണ്ട വിവരങ്ങൾ പ്രതിപാദിക്കുന്നു. സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുന്ന കാര്യം അതിൽപ്പെടില്ല. ഇത്തരം കാര്യങ്ങൾ ഗവർണറെ അറിയിക്കുകയോ അനുമതി തേടുകയോ ചെയ്യുന്ന കീഴ്വഴക്കവുമില്ല. അന്തർസംസ്ഥാന നദീജല തർക്കങ്ങളിൽ ഉൾപ്പെടെ കേരളം അനുച്ഛേദം 131 പ്രകാരം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവർത്തിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന് അനുച്ഛേദം 163 വ്യക്തമാക്കുന്നു. വിവേചനാധികാരം പ്രയോഗിക്കാൻ ഭരണഘടന ചുമതലപ്പെടുത്തുന്ന കാര്യങ്ങളിലേ വ്യതിചലിക്കാനാകൂ. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഷംസർസിങ് കേസിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.
രാമേശ്വർ പ്രസാദ് v/s യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീംകോടതി നടത്തിയ പരാമർശം ഇവിടെ പ്രസക്തം. കേന്ദ്രത്തിന്റെയും സംസ്ഥാന മന്ത്രിസഭയുടെയും ഉപദേശങ്ങൾ തമ്മിൽ വൈരുധ്യമുണ്ടെങ്കിൽ കേന്ദ്ര ഉപദേശം തള്ളി സംസ്ഥാന മന്ത്രിസഭയുടെ ഉപദേശാനുസരണം ഗവർണർ പ്രവർത്തിക്കണമെന്നാണ് അതിന്റെ ഉള്ളടക്കം. മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് അഭ്യർഥിക്കുന്ന പ്രതിപക്ഷം ജനാധിപത്യമര്യാദകളും ഭരണഘടനാ കർത്തവ്യങ്ങളും അവഗണിക്കാൻ പ്രേരിപ്പിക്കുകയാണ്. സഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയം ജനങ്ങളുടെ ഉറച്ച അഭിപ്രായമായി കാണുന്നതിനു പകരം വിമർശിക്കുന്നതും തുടർനടപടികളെ ചോദ്യംചെയ്യുന്നതും സത്യപ്രതിജ്ഞാ ലംഘനമാണെന്നും പറയേണ്ടതുണ്ട്.