പ്രതിപക്ഷ നേതാവ് നോട്ടീസ് നൽകിയതിൽ തെറ്റൊന്നും ഇല്ല; ഗവർണർക്കെതിരേയുള്ള പ്രതിപക്ഷ പ്രമേയം അനുവദനീയമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ

Jaihind News Bureau
Tuesday, January 28, 2020

ഗവർണർക്കെതിരേയുള്ള പ്രതിപക്ഷ പ്രമേയം  അനുവദനീയമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. എന്നാൽ ലിസ്റ്റ് ചെയ്യാത്ത ഉപക്ഷേപമായതിനാൽ കാര്യോപദേശക സമിതിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടന്നും സ്പീക്കർ പറഞ്ഞു. നിയമസഭ സമ്മേളനത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലാണ് സ്പീക്കർ നിലപാട് വ്യക്തമാക്കിയത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രമേയം ചട്ടപ്രകാരം അനുവദനീയമാണെന്നും നോട്ടീസ് സഭാ ചടങ്ങൾക്ക് എതിരല്ലെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് നോട്ടീസ് നൽകിയതിൽ തെറ്റൊന്നും ഇല്ലെന്നും സമയം നീക്കി വക്കലും ചര്‍ച്ചയും സംബന്ധിച്ച് സഭയുടെ പൊതു സ്ഥിതിയും സമയവും അനുസരിച്ച് കാര്യോപദേശക സമിതി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ സർക്കാറും ഗവർണറും തമ്മിൽ നിലനിൽക്കുന്ന ഭിന്നത നയപ്രഖ്യാപന പ്രസംഗത്തെ ബാധിക്കില്ല എന്നും സ്പീക്കർ വ്യക്തമാക്കി. ഗവർണറുമായി വ്യക്തിപരമായി പ്രശ്നങ്ങളില്ല. അത് തന്നെയാണ് ഗവർണറുടെ നിലപാടും. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സഭ പാസാക്കിയതിനെതിരേയുള്ള എതിർപ്പ് ഗവർണർ രേഖാമൂലം അറിയിക്കണമായിരുന്നു എന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.

അതേസമയം, പ്രതിപക്ഷ പ്രമേയം സംബസിച്ച് ചട്ടപ്രകാരം അനുവദിക്കാവുന്നതാണ് എന്നതിനപ്പുറത്തേക്ക് കൃത്യമായി നിലപാടെടുക്കാത്ത സ്പീക്കറുടെ വാക്കുകൾ ഗവർണക്കെതിരേയുള്ള നിലപാടിൽ സർക്കാറിന്റെയും സി പി എമ്മിന്റെയും ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്.