കൂട്ടബലാത്സംഗക്കേസിലെ പ്രതിയായ പോലീസുകാരന്‍റെ അറസ്റ്റ് വൈകും: തെളിവുകള്‍ പോരെന്ന് കമ്മീഷണർ; ചോദ്യംചെയ്യല്‍ തുടരുന്നു

Jaihind Webdesk
Monday, November 14, 2022

കൊച്ചി: തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ പ്രതിയായ കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പി.ആർ സുനുവിന്‍റെ അറസ്റ്റ് വൈകും. നിലവില്‍ ലഭിച്ച  തെളിവുകൾ പോരെന്നും കൂടുതൽ തെളിവുകള്‍ക്കായി അന്വേഷണം നടക്കുകയുമാണെന്ന് കൊച്ചി കമ്മീഷണർ സി.എച്ച് നാഗരാജു വിശദീകരിക്കുന്നു. കസ്റ്റഡിയിലെടുത്തത് പ്രതി രക്ഷപ്പെടാതിരിക്കാന്‍ വേണ്ടിയാണെന്നും കമ്മീഷണർ പറയുന്നു. പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

മുളവുകാട് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരിക്കെ 2021 ഫെബ്രുവരിയിലാണ് ബിടെക് ബിരുദദാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ സുനു പിടിയിലാകുന്നത്. സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവതിയുമായി അടുപ്പം സ്ഥാപിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. സെൻട്രൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി ജാമ്യം തള്ളിയതോടെ സുനു അറസ്റ്റിലായി. റിമാൻഡിലായ സുനുവിനെതിരെ പിന്നീട് വകുപ്പു തല നടപടി ഉണ്ടായിരുന്നു. സിഐ പി.ആർ സുനുവിനെതിരെ വേറെയും പരാതികളുണ്ട്. കേസുകളിൽ വകുപ്പു തല നടപടി കഴിയും മുമ്പാണ് വീണ്ടും സമാനമായ കുറ്റകൃത്യത്തിൽ പ്രതിയാകുന്നത്. മറ്റൊരു ബലാത്സംഗ കേസിലും ഇയാള്‍ റിമാൻഡിലായിട്ടുണ്ട്.

കേസിൽ ഏഴ് പ്രതികളാണുള്ളത്. ഇതിൽ സി.ഐ ഉള്‍പ്പെടെ അഞ്ച് പേർ പോലീസിന്‍റെ കസ്റ്റഡിയിലാണ്. രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്. പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവാണ് രണ്ടാം പ്രതി. സി.ഐ സുനു മൂന്നാം പ്രതിയാണ്. വിജയലക്ഷ്മിയുടെ സുഹൃത്തായ ക്ഷേത്ര ജീവനക്കാരൻ അഭിലാഷ് നാലാം പ്രതിയും പരാതിക്കാരിയുടെ ഭർത്താവിന്‍റെ സുഹൃത്തായ ശശി അഞ്ചാം പ്രതിയുമാണ്. പ്രതികൾ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.