അറഫാ സംഗമം ഇന്ന് ; 150 ലേറെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60,000 ഹാജിമാര്‍ ; ആയിരത്തോളം മലയാളികളും

JAIHIND TV MIDDLE EAST BUREAU
Monday, July 19, 2021

ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം കുറിച്ചു. കോവിഡ് സാഹചര്യത്തില്‍ കര്‍ശന ആരോഗ്യസുരക്ഷാ മുന്‍കരുതലുകള്‍ക്കിടയിലാണ് ഇത്തവണയും ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്നത്. ഇന്നാണ് ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഇതിനായി ഹാജിമാര്‍ രാവിലെ മുതല്‍ അറഫയിലേക്ക് പുറപ്പെട്ടു. ആയിരത്തോളം മലയാളി ഹാജിമാരും ഹജ്ജില്‍ പങ്കെടുക്കുന്നു.

മസ്ജിദുന്നമിറയില്‍ നടക്കുന്ന പ്രഭാഷണത്തോടെയാണ് അറഫാ സംഗമത്തിന് തുടക്കമായത്. 150ലേറെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60000 ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്നു. 3000 ബസുകളിലാണ് ഹാജിമാര്‍ അറഫയിലേക്ക് നീങ്ങിയത്. കൂടെ ആരോഗ്യ പ്രവര്‍ത്തകരും മതപ്രബോധകരും ഇവര്‍ക്കെല്ലാം കാവലായി സുരക്ഷാ സേനയും ഉണ്ടായി. അറഫാ സംഗമത്തിലെത്താത്തവര്‍ക്ക് ഹജ്ജിന്റെ പുണ്യം ലഭിക്കില്ല. ഇതിനാല്‍ ഓരോരുത്തരേയും കൃത്യസമയത്തെത്തിക്കാന്‍ ബസുകള്‍ക്ക് സമയക്രമീകരണം നല്‍കിയിരുന്നു.