ബി.ജെ.പി ഇതുവരെയുള്ള വാഗ്ദാനങ്ങള്‍ പാലിച്ചോ? ചോദ്യം പൂര്‍ത്തിയാകും മുമ്പ് കണ്ടം വഴി ഓടി അനുപം ഖേര്‍

Jaihind Webdesk
Thursday, May 9, 2019

ചണ്ഡിഗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാക്ക് ഔട്ട് നടത്തി പ്രശസ്ത ഹിന്ദി നടന്‍ അനുപം ഖേര്‍. ഭാര്യ കിരണ്‍ ഖേറിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഒരു കടയില്‍ കയറി വോട്ടഭ്യര്‍ഥിക്കുന്നതിനിടെ കടയുമ അദ്ദേഹത്തോട് ‘ബി.ജെ.പി. ഇതുവരെ നല്‍കിയ വാഗ്ദാനങ്ങളൊക്കെ പാലിച്ചോ?’ എന്ന ചോദ്യം ഉന്നയിച്ചതോടെയാണ് അനുപം ഖേര്‍ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്.

തന്‍റെ കടയിലേക്ക് കയറി വന്ന അനുപം ഖേറിനോട് തനിക്ക് ഒരു കാര്യം ചോദിക്കാന്‍ ഉണ്ടെന്ന് കടയുടമ പറയുകയായിരുന്നു. ‘കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ കുറച്ച് വാഗ്ദാനങ്ങള്‍ തന്നിരുന്നു’. കടയുടമ തന്‍റെ ചോദ്യംപൂര്‍ത്തിയാക്കും മുന്‍പേ തന്നെ അനുപംഖേര്‍ മുഖം തിരിച്ച് പുറത്തേക്ക് നടന്നു. നിരവധി പേരാണ് അനുപം ഖേറിന്‍റെ പ്രവൃത്തിക്കെതിരെ വിമര്‍ശനവുമായി എത്തിയത്.

അതേസമയം, തന്നെ നാണം കെടുത്താനുള്ള പ്രതിപക്ഷ നീക്കത്തിന്‍റെ ഭാഗമാണ് ഇതെന്ന വിഫല വാദവുമാണ് അനുപം ഖേര്‍ ഉന്നയിക്കുന്നത്.