നല്ല നാളേക്കായി മഞ്ഞക്കുറ്റിക്ക് പകരം മരം; വേറിട്ട പ്രതിഷേധവുമായി കെ റെയില്‍ വിരുദ്ധ സമര സമിതി

Jaihind Webdesk
Saturday, June 4, 2022

 

കോഴിക്കോട്: കല്ലായിയിൽ കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സർഗാത്മ പ്രതിഷേധം. കെ റെയിൽ മഞ്ഞക്കുറ്റി പിഴുത് മാറ്റിയ ഇടങ്ങളിൽ സമര മരം നട്ടായിരുന്നു പ്രതിഷേധം. സാധാരണക്കാരനെ വലിച്ചിഴച്ചും ബൂട്ടിട്ട് ചവിട്ടിയും വൻ പോലീസ് സന്നാഹത്തോടെ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ പിഴുതെറിഞ്ഞ ഇടങ്ങളിൽ ആണ് നല്ല നാളേക്കായി കെ റെയിൽ സമര സമിതി മരങ്ങൾ വെച്ചു പിടിപ്പിച്ചത്.

സാധാരണക്കാരനെയും പ്രകൃതിയെയും ആവോളം ദ്രോഹിക്കുന്ന കെ റെയിലുമായി മുന്നോട്ടുപോകുന്ന സർക്കാറിന് തൃക്കാക്കരയിൽ കിട്ടിയ കരണത്തടിക്ക് പിറ്റേ ദിവസം തന്നെയാണ് പ്രതീക്ഷയുടെ പച്ചയുമായി സമര സമിതി എത്തിയത്. പരിസ്ഥിതി വാരാചരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു കോഴിക്കോട്ട് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.

കോഴിക്കോട് ജില്ലാതല ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി ശോഭീന്ദ്രൻ മരം നട്ട് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ആഗ്രഹം എന്താണോ അതാണ് ജനാധിപത്യത്തിൽ സംഭവിക്കേണ്ടത്. ജങ്ങളുടെ ആധിപത്യത്തിന്‍റെ ചിത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം കടുപ്പിക്കും. വേഗതയാണ് സർക്കാർ മുന്നോട്ടുവെക്കുന്നതെങ്കിലും ആർക്കു വേണ്ടിയിട്ടാണ് എന്തിനു വേണ്ടിയിട്ടാണ് വേഗത എന്നുകൂടെ സർക്കാർ വ്യക്തമാക്കണം എന്ന് ശോഭീന്ദ്രൻ പറഞ്ഞു. ഭൂമിയുടെ താളത്തെ ക്രമപ്പെടുത്താനാണ് സമര മരം നടുന്നതെന്ന് സമരസമിതി ചെയർമാൻ ഇ.ടി ഇസ്മായിൽ പറഞ്ഞു.