ആന്‍റണി ലാസർ വധം : രണ്ട് പേർ കൂടി അറസ്റ്റില്‍; മൃതദേഹം വയറുകീറി കല്ലും മണ്ണും നിറച്ച് കുഴിച്ചുമൂടി

Jaihind Webdesk
Wednesday, August 4, 2021

കൊച്ചി : എറണാകുളം കുമ്പളങ്ങിയിൽ ആന്‍റണി ലാസർ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. ഇതോടെ കേസിലെ നാല് പ്രതികളും പിടിയിലായി. മുൻവൈരാഗ്യത്തെ തുടർന്ന് പ്രതികൾ യുവാവിനെ കൊലപ്പെടുത്തി പാടവരമ്പിൽ കുഴിച്ച് മൂടുകയായിരുന്നു. അന്വേഷണം പുരോഗമിക്കുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

കൊല്ലപ്പെട്ട ആന്‍റണി ലാസറിന്‍റെ മൃതദേഹം വയറുകീറി കല്ലുംമണ്ണും നിറച്ച് ചെളിയിൽ താഴ്ത്താൻ നിർദേശിച്ചത് മുഖ്യ പ്രതി ബിജുവിന്‍റെ ഭാര്യ രാഖിയാണെന്ന് പൊലീസ് കണ്ടെത്തി. മുഖ്യപ്രതി ബിജു പിടിയിലായതോടെയാണ് കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ നാഗരാജു പറഞ്ഞു.

കുമ്പളങ്ങി സ്വദേശികളായ ബിജുവിനും ഭാര്യ രാഖിക്കും പുറമെ സുഹൃത്തുക്കളായ ലാല്‍ജു, സെല്‍വന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കഴിഞ്ഞ മാസം ഒമ്പതിനാണ് ആന്‍റണി ലാസറിനെ കാണാതായത്. സഹോദരന്‍റെ പരാതിയില്‍ പള്ളുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ചയാണ് ഒന്നാംപ്രതി ബിജുവിന്‍റെ വീടിന് പിന്നിലെ പാടവരമ്പില്‍ കുഴിച്ചിട്ടനിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങളില്‍നിന്ന് മരിച്ചത് ആന്‍റണി ലാസറാണെന്ന് കുടുംബം തിരിച്ചറിഞ്ഞു.

ആന്‍റണി ലാസറും സഹോദരനും ചേർന്ന് നാലുവർഷം മുമ്പ് തന്‍റെ കൈ തല്ലിയൊടിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് അറസ്റ്റിലായ ബിജു മൊഴിനൽകി. കൊലപ്പെടുത്തിയശേഷം ആന്‍റണി ലാസറിന്‍റെ വയറുകീറി കല്ലും മണ്ണും നിറച്ച് ചെളിയില്‍ താഴ്ത്താൻ നിർദേശം നൽകിയത് താനാണെന്ന് ബിജുവിന്‍റെ ഭാര്യ രാഖിയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.