കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സീറ്റ് ധാരണയായി; 20 സീറ്റുകളില്‍ കോണ്‍ഗ്രസ്, എട്ടിടത്ത് ജെ.ഡി.എസ്

Jaihind Webdesk
Wednesday, March 13, 2019

കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സീറ്റ് ധാരണയിലെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ ദേവഗൗഡയുമായി നടന്ന ചര്‍ച്ചയിലാണ് സീറ്റ് ധാരണയായത്. അവസാനവട്ട ചർച്ചകൾ കെ.സി വേണുഗോപാലും ഡാനിഷ് അലിയും തമ്മിലാണ് നടത്തിയത്.

ധാരണയുടെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ 28 ലോക്‌സഭാ സീറ്റുകളില്‍ ജെ.ഡി.എസിന് എട്ട് സീറ്റുകള്‍ ലഭിക്കും. 20 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും മത്സരിക്കും. ഉത്തര കന്നഡ, ചിക്കമംഗളുരു, ഷിമോഗ, തുംകൂര്‍, ഹാസന്‍, മാണ്ഡ്യ, ബംഗളുരു നോര്‍ത്ത്, വിജയപുര എന്നീ സീറ്റുകളാണ് ജെ.ഡി.എസിന് നല്‍കിയത്.

കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമാണ് കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം രൂപപ്പെട്ടത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സഭയില്‍ ബി.ജെ.പിയെ അകറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രി പദം എച്ച്‌.ഡി കുമാരസ്വാമിക്ക് നല്‍കി കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. നേരത്തെ 12 സീറ്റുകളാണ് ജെ.ഡി.എസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് 10 കിട്ടിയാലും അംഗീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് 9 സീറ്റുകളിലേക്ക് മാറി. നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് എട്ട് സീറ്റുകളില്‍ ജെ.ഡി.എസ് തൃപ്തിപ്പെട്ടത്. ചർച്ചകളിൽ ദേശീയ തലത്തിൽ കൂടുതൽ കോൺഗ്രസ് എം പിമാർ ജയിച്ച് വരേണ്ടതിന്‍റെ പ്രസക്തി ജനതാദൾ നേതൃത്വം അംഗീകരിക്കുകയായിരുന്നു.