ആനി രാജയുടെ ആരോപണം ഗൗരവകരം; അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, September 1, 2021

കണ്ണൂർ : കേരള പൊലീസിനെതിരായ സിപിഐ നേതാവ് ആനി രാജയുടെ ആരോപണം ഗൗരവകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ദേശീയ നേതാവ് എന്ന നിലയ്ക്ക് ആനി രാജയുടെ ആരോപണം തെളിവുകളുടെ അടിസ്ഥാനത്തിലാകും. ആനി രാജയുടെ ആരോപണം അന്വേഷിച്ച് മുഖ്യമന്ത്രി നടപടികൾ സ്വീകരിക്കണം എന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

സംസ്ഥാന പൊലീസില്‍ ആർഎസ്എസ് ഗ്യാംഗ് പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നുവെന്ന് ആനി രാജ പറഞ്ഞിരുന്നു. പൊലീസിന്‍റെ അനാസ്ഥ കൊണ്ട് സംസ്ഥാനത്ത് മരണമുണ്ടാകുന്നുവെന്നും മുഖ്യമന്ത്രി വിഷയം ഗൗരവമായി കാണണമെന്നും ആനി രാജ പറഞ്ഞു. സ്ത്രീസുരക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസ് ബോധപൂര്‍വം ഇടപെടുന്നുവെന്ന് ആനി രാജ ആരോപിച്ചു. ഇതിനായി ആര്‍എസ്എസ് ഗ്യാംഗ് പൊലീസില്‍ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ട്. സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്നും ആനിരാജ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എല്‍ഡിഎഫിനും കത്ത് നല്‍കുമെന്നും അവർ അറിയിച്ചു.