കൈതോല പായയിൽ പൊതിഞ്ഞ് പിണറായി വിജയനും മന്ത്രി പി രാജീവും കടത്തിയ പണത്തില്‍ കരിമണൽ വ്യവസായി ശശിധരന്‍ കര്‍ത്തയുടെതും; ജി ശക്തിധരന്‍

Jaihind Webdesk
Friday, August 18, 2023

തിരുവനന്തപുരം: കൈതോല പായയിൽ പൊതിഞ്ഞ് പിണറായി വിജയനും മന്ത്രി പി രാജീവും തിരുവനന്തപുരത്തേക്ക് കടത്തിയ പണത്തിൽ വലിയ പങ്കും നൽകിയത് കരിമണൽ വ്യവസായി ശശിധരന്‍ കര്‍ത്തയെന്ന്  ജി ശക്തിധരന്‍റെ വെളിപ്പെടുത്തൽ.  ഈ പണം കർത്തയിൽ നിന്നും ഏറ്റുവാങ്ങിയത് ദേശാഭിമാനി ഡെപ്യൂട്ടി ജനറൽ മാനേജർ കെ വേണുഗോപാലെന്നും ശക്തിധരൻ.

കൈതോല പായയിൽ പണം കടത്തിയത് മുഖ്യമന്ത്രിയും വ്യവസായ മന്ത്രി പി രാജീവും ആണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇവർ സമാഹരിച്ച പണത്തിന്റെ സ്രോതസ്സും ജി. ശക്തിധരൻ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ പുതിയ ഫേസ് ബുക്ക്  പോസ്റ്റിലൂടെ മുൻപ് എക്സൈസ് മന്ത്രിയായിരുന്ന ടി കെ രാമകൃഷ്ണൻ കോട്ടയം ഉപതിരഞ്ഞെടുപ്പ് വേളയിൽ ഫണ്ട് സമാഹരിച്ച കഥ പങ്ക് വച്ച് കൊണ്ടാണ് ശക്തിധരൻ കരിമണൽ കർത്തയിലേക്ക് എത്തിയത്.

കലൂരിലെ ദേശാഭിമാനി ഓഫീസിൽ പിണറായിയും പി രാജീവും ചേർന്ന് സമാഹരിച്ച പണത്തിൽവലിയ പങ്കും നൽകിയത്
കരിമണൽ കർത്തയാണെന്ന് ശക്തിധരൻ വെളിപ്പെടുത്തി. കർത്തയിൽ നിന്ന് പണം ഏറ്റുവാങ്ങിയത് ദേശാഭിമാനി ഡെപ്യൂട്ടി ജനറൽ മാനേജർ കെ വേണുഗോപാൽ ആയിരുന്നെന്നും ശക്തിധരൻ വിശദീകരിക്കുന്നു.
ലക്ഷ്യം വെച്ചതിനേക്കാൾ കൂടുതൽ സമാഹരിച്ചതോടെ ബാക്കിയെല്ലാം തലസ്ഥാനത്ത് എത്തിച്ചാൽ മതിയെന്ന നിർദ്ദേശം പിണറായി നൽകിയതായും ശക്തിധരൻ സൂചിപ്പിക്കുന്നു. പണം സമാഹരിക്കുന്നതിലും സ്ഥാനാർഥിക്കു വോട്ടു പിടിക്കാൻ
ഇല്ലാത്ത ബലാൽസംഗ കഥ പൊട്ടിക്കുന്നതിനാലയാലും പി രാജീവിനുള്ള വൈഭവം സമാനതകൾ ഇല്ലാത്തതാണെന്ന വിമർശനവും ശക്തിധരൻ ഉയർത്തുന്നുണ്ട്.

മുഖ്യമന്ത്രിയുടെ മകളും സിഎംആർഎലുമായുള്ള മാസപ്പടി വിവാദം ആളിക്കത്തുന്നതിനിടയിലാണ് ശക്തിധരൻ പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കൈതോല പായ വിവാദത്തിൽഒന്നൊന്നായി പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ സിപിഎമ്മിനെയും സർക്കാരിനെയും പിടിച്ചുലക്കുകയാണ്