ആലുവയില്‍ 8 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; പ്രതിക്കായി വ്യാപക തിരച്ചില്‍

Jaihind Webdesk
Thursday, September 7, 2023

എറണാകുളം: ആലുവയിൽ വീട്ടിൽ ഉറങ്ങികിടന്ന എട്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ടു മണിക്കാണ് സംഭവം. കേസിലെ പ്രതിക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തുന്നു. പീഡനത്തിനിരയായ കുട്ടി അപകട നില തരണം ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയാണ് പ്രതിയെന്ന് സംശയിക്കുന്നു. ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പോലീസ് പുറത്തു വിട്ടിരുന്നു. ആലുവ ഭാഗത്ത് താമസിക്കുന്ന ഇയാൾ നിരവധി മോഷണ കേസുകളിലും പ്രതിയാണെന്നാണ് വിവരം. അലഞ്ഞു തിരിഞ്ഞു നടക്കുന്ന സ്വഭാവമുള്ളയാളാണ് .പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് വ്യാപക തിരച്ചിൽ നടത്തുകയാണ്.

ചിത്രത്തിൽ നിന്ന് കുട്ടി പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോവുന്നതു കണ്ട ദൃക്സാക്ഷിയും സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞു. ഇന്ന് പുലർച്ചെയാണ് ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശബ്ദം കേട്ട നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് രക്തത്തിൽ കുളിച്ച നിലയിൽ, കുട്ടിയെ കണ്ടെത്തിയത്.
പ്രതി അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. കുട്ടിയെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം പരിക്കുകളുണ്ട്. ബീഹാർ സ്വദേശിയായ കുട്ടിയുടെ അച്ഛൻ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേയ്‌ക്ക് പോയതിനാൽ വീട്ടിൽ അമ്മയും മക്കളും മാത്രമാണ് ഉണ്ടായിരുന്നത്.