ഗാന്ധിയും നെഹ്‌റുവുമാണ് ഇന്ത്യയെ നിര്‍ണ്ണയിച്ചത്.. മോഡിയെ പഠിപ്പിച്ച് അമേരിക്കന്‍ സെനറ്റര്‍

Jaihind Webdesk
Monday, September 23, 2019

പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ഹൗഡി മോഡി പരിപാടിയില്‍ നെഹ്‌റുവിനെ പുകഴ്ത്തി യുഎസ് സെനറ്റര്‍. നരേന്ദ്ര മോഡിയും ഡൊണാള്‍ഡ് ട്രംപും വേദിയിലിരിക്കെയാണ് രാഷ്ട്രപിതാവ് ഗാന്ധിജിയെക്കുറിച്ചും രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വീക്ഷണങ്ങളെക്കുറിച്ചും യുഎസ് നേതാവ് സ്റ്റെനി ഹോയര്‍ പുകഴ്ത്തിയത്. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് ഹോയര്‍.

ഇന്ത്യ, അമേരിക്കയെ പോലെ അതിന്റെ പുരാതന പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നു. ഗാന്ധിയുടെ അധ്യാപനവും നെഹ്‌റുവിന്റെയും ഉള്‍ക്കാഴ്ചയുമാണ് ഇന്ത്യയെ മതേതര ജനാധിപത്യ രാജ്യമാക്കി അതിന്റെ ഭാവിയെ സുരക്ഷിതമാക്കിയത്. ആ രാജ്യത്ത് ബഹുസ്വരതയ്ക്കും ഓരോ വ്യക്തിയുടെ മനുഷ്യാവകാശ സംരക്ഷണത്തിനും ആദരമുണ്ട്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

നെഹ്‌റുവിനെതിരെ നരേന്ദ്രമോദിയും അമിത് ഷായും അടക്കമുള്ള ബിജെപി നേതാക്കളും സംഘപരിവാര്‍ സംഘടനകളും കടന്നാക്രമണം നടത്തിവരുന്നതിനിടെയാണ് അന്താരാഷ്ട്ര വേദിയില്‍ മോദിയെ അടുത്തു നിര്‍ത്തി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് അദ്ദേഹത്തിന്റെ സംഭാവനകള്‍ ഓര്‍മ്മിപ്പിച്ചത്. ബഹുസ്വരതയും മനുഷ്യാവകാശവും ഉറപ്പുവരുത്തുന്ന ഇന്ത്യയുടെ മതേതര ജനാധിപത്യ ഭാവി നിര്‍ണയിക്കപ്പെട്ടത് ഗാന്ധിയുടെ ദര്‍ശനങ്ങളിലൂടെയും നെഹറുവിന്റെ വീക്ഷണങ്ങളിലൂടെയുമായിരുന്നുവന്നാണ് സ്റ്റെനി ഹോയര്‍ പരാമര്‍ശിച്ചത്.

എത്രകാലത്തോളം മനുഷ്യര്‍ കണ്ണീര്‍ വാര്‍ക്കുകയും ദുരിതമനുഭവിക്കുകയും ചെയ്യുന്നുവോ അത്ര കാലത്തോളം അവരുടെ മിഴിനീരൊപ്പാനുള്ള നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നില്ലെന്ന നെഹ്‌റുവിന്റെ വിഖ്യാതമായ വാക്കുകള്‍ അദ്ദേഹം ഉദ്ധരിക്കുകയും ചെയ്തു. സ്വാതന്ത്ര്യം നേടിയ അര്‍ദ്ധരാത്രിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേയായിരുന്നു നെഹ്‌റു ഇങ്ങനെ പ്രസ്താവിച്ചത്‌. സ്‌റ്റെനി ഹോയറിന് അരികില്‍ മോദി ഇതെല്ലാം നിര്‍വികാരനായി കേട്ടുനിന്നു. ജനാധിപത്യമെന്നാല്‍ ശക്തരായവര്‍ക്കുള്ളതുപോലെ എല്ലാ അവകാശങ്ങളും ദുര്‍ബലര്‍ക്കും ലഭ്യമാവുന്ന സംവിധാനമാണെന്ന ഗാന്ധിയുടെ വാക്കുകളും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.