രാഖിയെ കൊലപ്പെടുത്താന്‍ നേരത്തെ പദ്ധതിയിട്ടിരുന്നതായി അഖില്‍; പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Jaihind Webdesk
Sunday, July 28, 2019

തിരുവനന്തപുരം അമ്പൂരിയിലെ രാഖി വധക്കേസിൽ നിർണായക വെളിപ്പെടുത്തൽ. കൊലയ്ക്ക് മുൻകൂട്ടി പദ്ധതിയിട്ടിരുന്നുവെന്ന് മുഖ്യ പ്രതി അഖില്‍ പോലീസിനോട് പറഞ്ഞു. പ്രകോപനമായത് രാഖിയുടെ ഭീഷണിയും നിരന്തര ശല്യവുമെന്നും അഖിൽ. കൊലപാതകത്തില്‍ മുഖ്യപ്രതികളുടെ അച്ഛന്‍റെ പങ്കും പൊലീസ് അന്വേഷിക്കും. പോലീസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചു. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

രാഖിയെ കൊലപ്പെടുത്തിയ ശേഷം അഖിൽ കശ്മീരിലേക്കു പോയെന്നും കൊലയ്ക്ക് പ്രകോപനം രാഖിയുടെ ആത്മഹത്യാ ഭീഷണിയാണെന്നും അഖിൽ മൊഴി നൽകിയിരുന്നു. അഖിൽ മറ്റൊരു വിവാഹം കഴിക്കുമെന്ന് അറിയിച്ചപ്പോഴായിരുന്നു രാഖി ഭീഷണി മുഴക്കിയതെന്നും അഖിലിന്‍റെ വീട്ടിൽ എത്തി ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഭീഷണിയെന്നും അഖിൽ പറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞ് നിരന്തരം ശല്യം ചെയ്തിരുന്നതായും അഖിലിന്‍റെ മൊഴിയിലുണ്ടായിരുന്നു.

പ്രതികൾ വിപുലമായ ആസൂത്രണം നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കൊലയ്ക്ക് മുൻപ് തന്നെ മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുത്തിരുന്നുവെന്നും ദുർഗന്ധം പുറത്ത് വരാതിരിക്കാൻ ഉപ്പ് ശേഖരിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കാറിൽ രാഖിയുടെ കഴുത്ത് ഞെരിച്ചത് രാഹുലാണെന്നും പിന്നാലെ അഖിലും ചേർന്ന് കഴുത്തിൽ കയർ മുറുക്കുകയായിരുന്നുമെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.