അമ്പൂരിയിൽ കൊല്ലപ്പെട്ട രാഖിയും അഖിലും വിവാഹിതരായിരുന്നുവെന്നു പൊലീസ്

Jaihind News Bureau
Saturday, July 27, 2019

Amboori-Lady-death

അമ്പൂരിയിൽ കൊല്ലപ്പെട്ട രാഖിയും കേസിലെ ഒന്നാം പ്രതിയായ അഖിലും വിവാഹിതരായിരുന്നുവെന്നു പൊലീസ്. നെയ്യാറ്റിൻകര മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫെബ്രുവരി 15ന് എറണാകുളത്തുള്ള ഒരു ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായിരുന്നു. വിവാഹം കഴിഞ്ഞ ഇവർ ഭാര്യഭർത്താക്കന്മാരെപോലെ ജീവിച്ചുവരുമ്പോഴായിരുന്നു വീട്ടുകാർ അഖിലിനു മറ്റൊരു വിവാഹം നിശ്ചയിച്ചത്. ഈ വിവാഹം തടസ്സപ്പെടുത്താൻ രാഖി പല രീതിയിലും ശ്രമിച്ചു.

മൂന്നു പ്രതികളും ചേർന്ന് കൊലപാതകത്തിനുമുൻപ് പലവട്ടം ഗൂഢാലോചന നടത്തിയിരുന്നു. എറണാകുളത്തു സ്വകാര്യ ചാനലിന്‍റെ ബ്രോഡ്ബാൻഡ് വിഭാഗത്തിൽ ജോലിചെയ്തിരുന്ന രാഖി ജൂൺ 18ന് അവധിക്കു നാട്ടിലെത്തി. 21ന് മടങ്ങാനായി വീടുവിട്ട രാഖിയെ അഖിൽ നെയ്യാറ്റിൻകര ബസ്സ്റ്റാൻഡിൽനിന്നും താൻ നിർമിക്കുന്ന പുതിയ വീട് കാണിക്കാമെന്നു പറഞ്ഞായിരുന്നു സുഹൃത്തിന്‍റെ കാറിൽകയറ്റി അമ്പൂരി തട്ടാംമുക്കിലെത്തിച്ചു.

സഹോദരൻ രാഹുലും സുഹൃത്ത് ആദർശും പുതിയ വീടിനുമുന്നിൽ കാത്തുനിൽപ്പുണ്ടായിരുന്നു. കാർ മുറ്റത്തു നിർത്തിയപ്പോൾ രാഹുൽ കാറിന്‍റെ പിൻസീറ്റിൽ രാഖിയുടെ സമീപത്തായി കയറി കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചുകൊല്ലാൻ ശ്രമിച്ചു. രാഖി ബഹളം വച്ചപ്പോൾ പുറത്തുകേൾക്കാതിരിക്കാനായി അഖിൽ കാറിന്‍റെ എൻജിൻ ഇരപ്പിച്ച് വലിയ ശബ്ദമുണ്ടാക്കി. ബോധരഹിതയായ രാഖിയെ അഖിൽ പിൻസീറ്റിൽ കയറി കാറിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കയർകൊണ്ട് കഴുത്തിൽ കുരുക്കിട്ട് വലിച്ചുമുറുക്കിയാണു കൊലപ്പെടുത്തിയത്.

മൂവരും ചേർന്നു മൃതദേഹം കാറിൽനിന്നു പുറത്തെടുത്തു നേരത്തേ തയ്യാറാക്കിയ കുഴിക്കു സമീപത്തെത്തിച്ച് വസ്ത്രങ്ങൾ മാറ്റിയശേഷം ഉള്ളിലിട്ട് ഉപ്പും വിതറി മണ്ണിട്ട് മൂടി. അന്വേഷണം ഇത്തരത്തിൽ പുരോഗമിക്കുമ്പോൾ അഖിൽ ജോലിസ്ഥലത്തേക്കും രാഹുൽ ഒളിവിലും പോയി. ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ആദർശിനെ പിടികൂടി പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.